60 വയസ്സ് കഴിഞ്ഞ വിദേശികൾക്ക് കുവൈറ്റ് വിടേണ്ടിവരും.

  • 12/08/2020

കുവൈറ്റ് സിറ്റി : വിദേശി സ്വദേശി ജനസംഖ്യ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനുള്ള നടപടിക്രമങ്ങൾക്ക് തുടക്കമായി. 60 വയസ്സിനും അതിനുമുകളിലും പ്രായമുള്ളവരും യൂണിവേഴ്‌സിറ്റി ബിരുദം നേടാത്തവരും ഈ വർഷം അവസാനത്തോടെ രാജ്യം വിടാനും ആവശ്യമായ റെസിഡൻസി നടപടിക്രമങ്ങൾ പൂർത്തിയാക്കാനും തയ്യാറാകണമെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. അടുത്ത വർഷം മുതൽ 60 വയസും അതിൽ കൂടുതലുമുള്ളവർക്ക് റെസിഡൻസി പുതുക്കില്ല. ഇതിനകം 1 വർഷത്തേക്ക് റെസിഡൻസി സ്റ്റാമ്പ് ചെയ്തവർക്ക് പുതിയ നിർദ്ദേശങ്ങൾ ലഭിച്ചില്ലെങ്കിൽ അടുത്ത വർഷം തുടരാനാവില്ല. ഈ നീക്കം ജനസംഖ്യാനുപാതത്തെ പരിഷ്കരിക്കുകയും സ്വകാര്യമേഖലയിലെ തൊഴിൽ നിയന്ത്രിക്കുകയും ചെയ്യും. സർക്കാരിന്റെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം യൂണിവേഴ്‌സിറ്റി ഡിഗ്രി കൈവശം ഇല്ലാത്ത 60 വയസ്സ് തികഞ്ഞ 83,562 പ്രവാസികളാണ് രാജ്യത്തുള്ളത് . ഇവരിൽ 15,847 പേർ നിരക്ഷരരാണ് . വായിക്കാനും എഴുതാനും അറിയുന്ന 24,000 ത്തോളം പേരും പ്രാഥമിക വിദ്യാഭ്യാസം നേടിയവർ 10,000 പേരും ഇന്റർമീഡിയറ്റ് സ്കൂൾ തലത്തിലുള്ള ഡിപ്ലോമ കൈവശമുള്ളവർ 16,000 പേരും എന്നിങ്ങനെയാണ്.

Related News