എന്ത് പ്രശ്നത്തിനും പ്രയാസത്തിനും എംബസിയെ സമീപിക്കാമെന്നും യാതൊരു വിവേചനവും കൂടാതെ ഇന്ത്യന്‍ സമൂഹത്തിന്‍റെ വിഷയങ്ങളില്‍ ഇടപെടുമെന്നും കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ്

  • 19/08/2020

കുവൈത്ത്​ സിറ്റി: എന്ത് പ്രശ്നത്തിനും പ്രയാസത്തിനും എംബസിയെ സമീപിക്കാമെന്നും യാതൊരു വിവേചനവും കൂടാതെ ഇന്ത്യന്‍ സമൂഹത്തിന്‍റെ വിഷയങ്ങളില്‍ ഇടപെടുമെന്നും കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ്​ പറഞ്ഞു. കുവൈത്തില്‍ ചുമതലയേറ്റ ശേഷം ആദ്യമായി സംഘടിപ്പിച്ച ഓപ്പണ്‍ ഹൗസ്​ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് എംബസ്സി ഔഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ നൂറോളം പേര്‍ പങ്കെടുത്തു. കൊറോണ വൈറസ് പാശ്ചാത്തലത്തില്‍ തൊഴിലുമായി ബന്ധപ്പെട്ട നിരവധി പരാതികള്‍ ജീവനക്കാരുടെ ഭാഗത്ത് നിന്ന് ലഭിച്ചിട്ടുണ്ട്. വ്യോമ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിയതിനാല്‍ കുവൈത്തില്‍ നിന്നും ഇന്ത്യയിലേക്കും തിരിച്ചും വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടിരിക്കുകയാണ്. അത്യാവശ്യമായി നാട്ടിലേക്ക് മടങ്ങാനാകാത്തവരെ സഹായിക്കുന്നത് സംബന്ധിച്ച് കുവൈത്ത് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അംബാസിഡര്‍ പറഞ്ഞു. അഴിമതിയും സ്വജന പക്ഷപാതിത്വവും വെച്ച് പൊറുപ്പിക്കില്ലന്നും ഇമെയില്‍ വഴിയും സോഷ്യല്‍ മീഡിയ വഴിയും പരാതികള്‍ നല്‍കാനുള്ള സൌകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാസ്പ്പോര്‍ട്ട് സംബന്ധമായ പരാതികള്‍ നല്‍കുവാന്‍ എല്ലാ ഔട്ട് സോര്‍സ് കേന്ദ്രങ്ങളിലും പരാതി പെട്ടികള്‍ സ്ഥാപിച്ചിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ വിദേശ സമൂഹമായ ഇന്ത്യക്കാര്‍ക്ക് എന്നും നല്ല പിന്തുണയാണ് കുവൈത്ത് സര്‍ക്കാര്‍ നല്‍കിയതെന്നും കുവൈത്തിനോടും അമീർ ശൈഖ്​ സബാഹ്​ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹിനോടും നന്ദിയും കടപ്പാടും അറിയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ബുധനാഴ്​ചയും എംബസിയിൽ പൊതുജന സമ്പർക്ക പരിപാടി സംഘടിപ്പിക്കുമെന്നും മുൻകൂട്ടി രജിസ്​റ്റർ ചെയ്​ത് പരാതികളും നിർദേശങ്ങളും സമർപ്പിക്കാമെന്നും അംബാസഡർ സിബി ജോർജ്​ അറിയിച്ചു. ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍, കമ്മ്യൂണിറ്റി അഫേഴ്‌സ് കൗണ്‍സിലര്‍, ലേബര്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ എന്നീവര്‍ സന്നിഹിതരായിരുന്നു.അംബാസഡരുടെ നേതൃതത്തില്‍ നടക്കുന്ന പൊതുജന സമ്പർക്ക പരിപാടി പ്രതീക്ഷയോടെയാണ് ഇന്ത്യന്‍ സമൂഹം നോക്കി കാണുന്നത്. പരാതികളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കേണ്ട ഇ-മെയില്‍ അഡ്രസ്: community.kuwait@mea.gov.in

Related News