കുവൈറ്റ്​ പാർലമെന്റ്​ തിരഞ്ഞെടുപ്പ്; 24 സിറ്റിം​ഗ് എംപിമാർക്ക് പരാജയം; പ്രവാസികൾക്കും ഫലം നിർണ്ണായകം

  • 06/12/2020

ഈ പ്രാവശ്യത്തെ ​ കുവൈറ്റ്​ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ​ പ്രതിപക്ഷത്തിന് വലിയ മുന്നേറ്റം. കഴിഞ്ഞ തവണ 16 പാർലമെന്റ് അം​ഗങ്ങളുളള പ്രതിപക്ഷത്തിന്  ഈ പ്രാവശ്യം  24 അം​ഗങ്ങളായി.  മന്ത്രിസ്ഥാനമുണ്ടായിരുന്ന ഏക എം.പിയായ മുഹമ്മദ്​ നാസർ അൽ ജബ്​രിയും ഏക വനിത എം.പിയായ സഫ അൽ ഹാഷിമും ഉൾപ്പെടെ 24 സിറ്റിം​ഗ് എംപിമാരും ഈ തിരഞ്ഞെടുപ്പിൽ പരാ‍ജയപ്പെട്ടിട്ടുണ്ട്. നിലവിൽ  സലഫി, ഇഖ്​വാൻ ധാരകളെ പിന്തുണക്കുന്നവരാണ് പ്രതിപക്ഷത്തുളളത്​.  വിജയിച്ചവരിൽ 30 പേർ 45 വയസ്സിൽ താഴെയുള്ള യുവാക്കളാണ്​. 

അതേസമയം, പ്രവാസികൾക്ക്​ എതിരായ പല തീരുമാനങ്ങൾക്കും എംപിമാരുടെ കരടുനിർദേശങ്ങളായത്  കൊണ്ട്​ പ്രവാസികൾക്കും തെരഞ്ഞെടുപ്പ്​ ഫലം നിർണ്ണായകമാവുന്നത്​. പ്രവാസികൾക്കെതിരെ ഏറ്റവും കൂടുതൽ പ്രസ്​താവന നടത്തിയിട്ടുള്ള സഫ അൽ ഹാഷിം എം.പിയുടെ പരാജയം പ്രവാസികൾക്ക് ആശ്വാസമാണ്​. രാജ്യത്തെ ഗതാഗതക്കുരുക്കിന് വിദേശികളാണ് കാരണക്കാരെന്നും ഇക്കാരണത്താല്‍ പ്രവാസികൾക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും ഇവര്‍ പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടിരുന്നു. പ്രവാസികൾക്ക് ശ്വസിക്കുന്ന വായുവിനും ഉപയോഗിക്കുന്ന വഴികള്‍ക്കും വരെ നികുതി ചുമത്തണമെന്ന തരത്തിലും വിവാദ പ്രസ്താവനകൾ ഉന്നയിച്ചിരുന്നു. രാജ്യത്തെ വിദേശി ജനസംഖ്യ കുറയ്ക്കാനും പ്രവാസികൾക്ക് പ്രത്യേക നികുതി ചുമത്താനും ആവശ്യപ്പെട്ടിരുന്നു. ഏറ്റവും ഒടുവില്‍ കൊവിഡ് കാലത്ത് വിദേശികള്‍ക്ക് സൗജന്യ വൈദ്യസഹായം അനുവദിക്കുന്നതിനെതിരെയും ഇവര്‍ രംഗത്ത് വന്നിരുന്നു. 

പാർലമെന്റിന്റെ സ്വദേശിവൽക്കരണ സമിതി അധ്യക്ഷൻ ഖലീൽ ഇബ്രാഹിം അൽ സാലിഹ്, ശുഐബ്​ അൽ മുവൈസിരി, യൂസുഫ്​ അൽ ഫദ്ദാല​ ഉൾപ്പെടെ സ്വദേശികളുടെ താൽപര്യം സംരക്ഷിക്കാൻ കൂടുതൽ കർശനമായ നടപടികൾ എടുക്കണം എന്ന് വാദിക്കുന്ന നിരവധി സിറ്റിങ്​ എം.പിമാർ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്​. ജനസംഖ്യ സന്തുലനവുമായി ബന്ധപ്പെട്ടും നിർണ്ണായക തീരുമാനങ്ങൾ  വരാനിരിക്കെ ഈ തിരഞ്ഞെടുപ്പ് പ്രവാസികൾക്കും നിർണ്ണായകമാണ്.

Related News