മുൻ എംപി സഫ അൽ ഹാഷിമിനെതിരെയുളള സോഷ്യൽ മീഡിയ അധിക്ഷേപം; കേസ് രജിസ്റ്റർ ചെയ്തു.

  • 07/12/2020



ഈ പ്രാവശ്യത്തെ കുവൈറ്റ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട   മുൻ എംപി സഫ അൽ ഹാഷിം തന്നെയും, തന്റെ കുടുംബത്തെയും സോഷ്യൽ മീഡിയയിൽ അധിക്ഷേപിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്ത  ബ്ലോഗർമാർക്കെതിരെ നിയനടപടി സ്വീകരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ബ്ലോഗർമാർക്കെതിരെ  പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും  നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.  മൂന്നാം മണ്ഡലത്തില്‍ നിന്ന് നാലാം തവണ ജനവിധി തേടിയ ഇവര്‍ ഇത്തവണ പരാജയപ്പെട്ടിരുന്നു. 2012ല്‍ 2,622 വോട്ടും 2013ല്‍ 2,036 വോട്ടും 2016 ല്‍ 3,273 വോട്ടും നേടി ഇവർ നേരത്തെ പാർലമെന്റിലേക്ക് തിരഞ്ഞെടുത്തിരുന്നു. തിരഞ്ഞെടുപ്പിലെ  തോൽവിയുമായി ബന്ധപ്പെട്ട് സോഷ്യൽമീഡിയയിൽ നിരവധി വിദേശികൾ കമെന്റുകളും ട്രോളുകളും ഇറക്കിയിരുന്നു. 


വിദേശികള്‍ക്ക് ശ്വസിക്കുന്ന വായുവിനും ഉപയോഗിക്കുന്ന വഴികള്‍ക്കും വരെ നികുതി ചുമത്തണമെന്ന് അടക്കമുള്ള വിവാദ പ്രസ്താവനകള്‍ നടത്തിയിരുന്നു സഫ. രാജ്യത്തെ ഗതാഗതക്കുരുക്കിന് വിദേശികളാണ് കാരണക്കാരെന്നും ഇക്കാരണത്താല്‍ വിദേശികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും ഇവര്‍ പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെ വിദേശി ജനസംഖ്യ കുറക്കാനും വിദേശികള്‍ക്ക് പ്രത്യേക നികുതി ചുമത്താനും ആവശ്യപ്പെട്ടുകൊണ്ട് ഇവര്‍ നിരവധി തവണ പാര്‍ലമെന്റില്‍ പ്രമേയം അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഏറ്റവും ഒടുവില്‍ കൊറോണ കാലത്ത് വിദേശികള്‍ക്ക് സൗജന്യ വൈദ്യസഹായം അനുവദിക്കുന്നതിനെതിരെയും ഇവര്‍ രംഗത്ത് വന്നിരുന്നു. തനിക്ക് എതിരെ ഒരു പ്രത്യേക രാജ്യക്കാരില്‍ നിന്നും വധഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നുവെന്ന് അറിയിച്ചു കൊണ്ട് നേരത്തെ ഇവര്‍ ട്വീറ്റ് ചെയ്തിരുന്നു. 

Related News