ലോക്ക് ഡൌൺ സമയത്ത് സൈനിക വീമാനത്തിൽ ക്യാൻസർ ചികിത്സയ്ക്ക് നാട്ടിലേക്ക് പോയ മലയാളി പെൺ കുട്ടി സാധിക മരണിത്തിന് കീഴടങ്ങി

  • 12/12/2020

കുവൈത്തിൽ നിന്ന് കൊവിഡ് കാലത്ത് പ്രത്യേക ഇന്ത്യൻ സേനാ വിമാനത്തിൽ‌  നാട്ടിൽ ക്യാൻസറിന് ചികിത്സയ്ക്കെത്തിയ മലയാളി പെൺ കുട്ടി സാധിക മരണത്തിന് കീഴടങ്ങി. ഇന്നലെ രാത്രിയോടെയാണ് ചികിത്സയിലായിരുന്ന   പാലക്കാട്‌ കിഴക്കഞ്ചേരി സ്വദേശിനിയായ സാധിക രതീഷ്‌ കുമാർ മരണപ്പെട്ടത്‌. തിരുവനന്തപുരം ക്യാൻസർ സെന്ററിൽ‌ വെച്ചാണ് ഇന്നലെ രാത്രി മരണപ്പെടുന്നത്.  ഇടതുചെവിയുടെ ഭാഗത്തു മുഴ കണ്ടെത്തിയ കുട്ടിക്ക് ഇന്ത്യയിൽ വിദഗ്ധ ചികിത്സ വേണമെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു. തുടർന്ന് കൊവിഡ് പശ്ചാത്തലത്തിൽ  വിമാന സർവീസ് പുനരാരംഭിക്കുന്നതിലെ അനിശ്ചിതത്വം രക്ഷിതാക്കളെ ആശങ്കയിലാക്കിയിരുന്നു. കുവൈത്തിലെ കെ.സി.സി ആശുപത്രിയിൽ ചികിത്സയിലായിരുന്ന സാധികക്ക്​ അടിയന്തര ശസ്​ത്രക്രിയ ആവശ്യമായിരുന്നു. കുവൈത്തിൽ ഇതിനുള്ള സൗകര്യം ഇല്ലാത്തതിനാൽ ഇന്ത്യൻ എംബസ്സിയുടെ  ഇടപെടലിനെ തുടർന്ന്​ പ്രതിരോധ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, വ്യോമയാന വകുപ്പ്​ എന്നിവ ഏകോപിപ്പിച്ച്​ അടിയന്തര രക്ഷാ ദൗത്യത്തിന്​ പദ്ധതി ഒരുക്കുകയായിരുന്നു. 

അതിനിടെയാണ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഇന്ത്യയിൽ നിന്ന് സേനാ വിമാനത്തിൽ മെഡിക്കൽ സംഘം എത്തിയത്.  ഇവർ  കഴിഞ്ഞ ഏപിൽ 25ന് ഡൽഹിയിലേക്ക് മടങ്ങിയപ്പോൾ വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ നിർദേശപ്രകാരം കുട്ടിക്കും പിതാവിനും ഇന്ത്യൻ എംബസി യാത്രാസൗകര്യം ഒരുക്കുകയാരുന്നു. നാട്ടിലെത്തിയതിന് ശേഷം സാധികക്ക്‌ എയിംസിൽ ആയിരുന്നു വിദഗ്ധ ചികിത്സ ഒരുക്കിയത്‌. പിന്നീട് രോ​ഗം മൂർച്ഛിച്ചപ്പോൾ ‌ പെൺകുട്ടിയെ തിരുവനന്തപുരം ക്യാൻസർ സെന്ററിലേക്ക്‌ മാറ്റുകയായിരുന്നു. 

Related News