ലോക്ക് ഡൗണിനെ തുടർന്നു റദ്ദ് ചെയ്യപ്പെട്ട വിമാനടിക്കറ്റുകൾക്കു മുഴുവൻ തുകയും തിരിച്ചു നൽകണമെന്ന് കേന്ദ്ര സർക്കാർ. ഈ ആവശ്യം ഉന്നയിച്ച് പ്രവാസി ലീഗൽ സെൽ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ സത്യവാങ്മൂലം സമർപ്പിച്ചുകൊണ്ടാണ് കേന്ദ്ര സർക്കാർ നയം വ്യക്തമാക്കിയത്.
ലോക്ക് ഡൗണിനെ തുടർന്നു ആഭ്യന്തര അന്താരാഷ്ട്ര വിമാനയാത്രകളെല്ലാം റദ്ദാക്കപ്പെട്ടതിനെത്തുടർന്നു എല്ലാ യാത്രക്കാർക്കും ഫുൾ റീഫണ്ട് നൽകാത്ത വിമാന കമ്പനികളുടെ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് പ്രവാസി ലീഗൽ സെൽ സുപ്രീം കോടതിയിൽ പൊതുതാത്പര്യ ഹർജി സമർപ്പിച്ചിരുന്നു. ഹർജിയിൽ കേന്ദ്രസർക്കാരിനും വിമാനകമ്പനികൾക്കും നോട്ടീസയച്ച കോടതി വിമാന കമ്പനികളുമായി ചർച്ചയിലേർപ്പെടാനും പ്രശ്‌നം രമ്യമായി പരിഹരിക്കുവാനും കേന്ദ്ര സർക്കാരിന് നിർദേശം നൽകിയിരുന്നു. വിമാന കമ്പനികളുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് കേന്ദ്ര സർക്കാർ ഈ തീരുമാനം എടുത്തിട്ടുള്ളത്. ഇതനുസരിച്ചു പതിനഞ്ചു ദിവസത്തിനകം റദ്ദുചെയ്യപ്പെട്ട വിമാനയാത്രയുടെ മുഴുവൻ തുകയും വിമാനക്കമ്പനികൾ യാത്രക്കാർക്ക് നൽകേണ്ടതാണ്. ഏതെങ്കിലും വിമാനക്കമ്പനിക്ക് സാമ്പത്തീക ബുദ്ധിമുട്ട് ഉണ്ട് എങ്കിൽ ഈ തുക ക്രെഡിറ്റ് ഷെല്ലായി യാത്രക്കാരുടെ പേരിൽ നൽകേണ്ടതും ക്രെഡിറ്റ് ഷെല്ലിലെ പണമുപയോഗിച്ചു യാത്രക്കാർക്ക് 2021 മാർച്ച് മാസം 31 വരെ ടിക്കറ്റ് ബുക്ക് ചെയ്യാൻ അവസരവുമുണ്ട്. എന്നാൽ ടിക്കറ്റ് ബുക്ക് ചെയ്യാത്തവർക്ക് മാർച്ചു 31 നകം .75 % പലിശയോടെ തുക തിരുച്ചു നൽകണമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ഇന്ത്യയിൽ നിന്നുള്ള ആഭ്യന്തര, അന്തരാഷ്ട്ര ടിക്കറ്റുകൾക്കു പുറമെ ഇന്ത്യയിലേക്ക് യാത്ര നടത്തുന്ന വിദേശ വിമാനക്കമ്പനികൾക്കും ഇതു ബാധകമാക്കണമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
കോവിഡ് കാലത്തു റദ്ദു ചെയ്യപ്പെട്ട മുഴുവൻ ടിക്കറ്റുകൾക്കും ഫുൾ റീഫണ്ട് നൽകാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹമെന്ന് ഹർജി നൽകിയ പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രെസിഡൻറ് അഡ്വ. ജോസ് എബ്രഹാമും, പ്രവാസി ലീഗൽ സെൽ കുവൈറ്റ് കൺട്രി ഹെഡ് ബാബു ഫ്രാൻസീസും പറഞ്ഞു. ഈ കേസ് സുപ്രീം കോടതി വരുന്ന ബുധനാഴ്ച വീണ്ടും പരിഗണിക്കും.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?