ഫലസ്ഥീന്‍ ജനതയുടെ ന്യായമായ അവകാശങ്ങളെ പിന്തുണക്കുമെന്ന് കുവൈറ്റ് പ്രധാനമന്ത്രി

  • 26/09/2020

അറബ് രാജ്യങ്ങൾ ഇസ്രായേലുമായി ബന്ധം സ്ഥാപിക്കാനൊരുങ്ങിയതോടെ ഫലസ്ഥീന് പൂർണ്ണ പിന്തുണയുമായി കുവൈറ്റ് പ്രധാനമന്ത്രി ഷെയ്ഖ്​ സബാഹ് ഖാലിദ് അല്‍ ഹമദ് അസ്സബാഹ്.  ഫലസ്ഥീന്‍ ജനതയുടെ ന്യായമായ അവകാശങ്ങളെ പിന്തുണയ്ക്കുക എന്നതാണ് കുവൈറ്റിന്റെ ഉറച്ച നിലപാടെന്ന്​ പ്രധാനമന്ത്രി വ്യക്തമാക്കി. അറബ് സമാധാന പദ്ധതിയുടെ അടി‌സ്ഥാനത്തിൽ ഫലസ്ഥീന്‍ വിഷയത്തില്‍ ശാശ്വതസമാധാനവും പരിഹാരവും ഉണ്ടാക്കുന്നതിനായുള്ള ശ്രമങ്ങള്‍ ഉണ്ടാകണമെന്ന്​ പ്രധാനമന്ത്രി പറഞ്ഞു. യു.എന്‍ ജനറല്‍ അസംബ്ലിയുടെ വെര്‍ച്വല്‍ സെഷനില്‍ കുവൈറ്റ് അമീറിനെ പ്രതിനിധീകരിച്ച്‌​ സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.

ഫലസ്ഥീനിലുളള  ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കണമെന്നും കിഴക്കൻ ജറുസലേമിനെ തലസ്ഥാനമാക്കി ഒരു സ്വതന്ത്ര ഫലസ്ഥീൻ രാഷ്ട്രം സ്ഥാപിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. അതേസമയം, 
യെമനിൽ നിലനിൽക്കുന്ന പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരമാണ് ഏക പരിഹാരമെന്നതാണ് കുവൈറ്റിന്റെ നിലപാടെന്നും അൽ സബ ഊന്നിപ്പറഞ്ഞു.
യെമനിലെ യുഎന്നിന്റെ പ്രത്യേക പ്രതിനിധി മാർട്ടിൻ ഗ്രിഫിറ്റ്സ് മുന്നോട്ടുവച്ച നിർദേശങ്ങൾ അംഗീകരിക്കാൻ അദ്ദേഹം എല്ലാ പാർട്ടികളോടും ആവശ്യപ്പെട്ടു.
സംയമനം പാലിക്കാനും ചർച്ച ചെയ്ത് സമാധാനപരമായ പരിഹാരങ്ങൾ കണ്ടെത്താനും കുവൈറ്റ് പ്രധാനമന്ത്രി ലിബിയൻ പോരാട്ടത്തിലെ എല്ലാ കക്ഷികളോടും അഭ്യർത്ഥിച്ചു.

Related News