കുവൈത്തിലെ ട്രാഫിക് നിയമലംഘകരേ സൂക്ഷിക്കുക, അല്ലെങ്കില്‍ നിങ്ങളുടെ കീശ കീറും

  • 27/09/2020

കുവൈത്ത് സിറ്റി : ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് കനത്ത പിഴയുമായി മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ പാര്‍ലിമെന്‍റ് പരിഗണിക്കുന്നു. ട്രാഫിക് കുറ്റകൃത്യങ്ങള്‍ക്ക് ഉയര്‍ന്ന പിഴ ഈടാക്കാനും വാഹനാപകടങ്ങള്‍ക്ക് ജയിലില്‍ അടയ്ക്കാനും ഉള്‍പ്പെടെയുള്ള വമ്പന്‍ ഭേദഗതികളുമായാണ് നിയമം കൊണ്ടുവരുന്നത്. ഇപ്പോള്‍ സ്വീകരിക്കുന്ന പിഴ ശിക്ഷ വളരെ കുറവാണെന്നും നിലവിലെ പിഴകൾ ട്രാഫിക് നിയമലംഘനങ്ങൾ നടത്തുന്നതിൽ നിന്ന് ഡ്രൈവർമാരെ പിന്തിരിപ്പിക്കാൻ പര്യാപ്തമല്ലെന്നും കരട് ബില്‍ തയ്യാറാക്കിയ പാര്‍ലിമെന്‍റ് കമ്മിറ്റി  കണ്ടെത്തി. 

അശ്രദ്ധമായി വാഹനമോടിക്കൽ, റെഡ് ലൈറ്റ് ലംഘിക്കല്‍, വേഗത ലംഘനം, നമ്പർ പ്ലേറ്റ് ഇല്ലാതെ വാഹനമോടിക്കുക തുടങ്ങിയ കുറ്റങ്ങൾക്ക് 200 ദിനാര്‍ മുതല്‍ 500 ദിനാര്‍ പിഴ ഈടാക്കാൻ ബില്ലില്‍  വ്യവസ്ഥയുണ്ട്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുമായി ഫ്രണ്ട് പാസഞ്ചർ സീറ്റിലിരുന്ന് വാഹനമോടിച്ചാലും ഡ്രൈവിംഗ് ലൈസൻസ് കൈവശം വെക്കാതിരുന്നാലും 200 ദിനാര്‍ പിഴയും രണ്ട് മാസത്തെ തടവ് ശിക്ഷയും ബില്ലില്‍ ശുപാർശ ചെയ്തിട്ടുണ്ട്. 

അതോടപ്പം പ്രധാന റോഡുകളിലെ പാതയോരങ്ങളില്‍ വാഹനം നിര്‍ത്തിയിടുക,  നടപ്പാതകളിൽ വാഹനം നിർത്തുക,വഴി തടസപ്പെടുത്തുക, ഉയർന്ന ബീം ലൈറ്റുകൾ ഉപയോഗിക്കുക, ഉച്ചഭാഷിണികൾ ഉപയോഗിക്കുക തുടങ്ങിയ നിയമലംഘനങ്ങൾക്ക് 50 ദിനാര്‍ മുതല്‍ 100 ദിനാര്‍ വരെ പിഴ  ലഭ്യമാക്കുന്നതിനുള്ള വ്യവസ്ഥകളും ബില്ലിലുണ്ട്. 

Related News