കുവൈത്ത് അമീര്‍ വിടവാങ്ങി

  • 29/09/2020

കുവൈത്ത്‌ സിറ്റി : കുവൈത്ത്‌ അമീർ ഷൈഖ്‌ സബാഹ്‌ അൽ അഹമദ്‌ അൽ ജാബിർ അൽ സബാഹ്‌ വിടവാങ്ങി. 91 വയസായിരുന്നു. കുവൈത്ത്‌  ടെലവിഷൻ ആണു മരണ വിവരം ഔദ്യോഗികമായി പുറത്ത്‌ വിട്ടത്‌.  ചികിത്സക്കായി ജൂലൈ 23ന്​ അമേരിക്കയിലേക്ക്​ ​പോയ അദ്ദേഹം അവിടുത്തെ ആശുപത്രിയിലായിരുന്നു അന്തരിച്ചത്. ആരോഗ്യപരമായ ബുദ്ധിമുട്ടിനെ തുടര്‍ന്നു ഭരണ കാര്യങ്ങള്‍ നിര്‍വ്വഹിക്കുവാന്‍   താൽക്കാലികമായി കിരീടാവകാശി ഷൈഖ്‌ നവാഫ്‌ അൽ അഹമദ്‌ അൽ സബാഹിന് കൈമാറിയിരുന്നു.

1929 ജൂൺ 16 നു മുൻ കുവൈത്ത്‌ അമീർ ഷൈഖ്‌ അഹമദ്‌ അൽ ജാബിർ അൽ സബാഹീന്‍റെ  നാലാമത്തെ പുത്രനായി കുവൈത്ത്‌ സിറ്റിയിലെ ഷർഖ്‌ ജില്ലയിൽ ആണു ജനനം. വിദ്യാഭ്യാസത്തിന് ശേഷം 1954ൽ 25ാം വയസ്സിൽ തൊഴിൽ, സാമൂഹിക മന്ത്രാലയത്തിന് കീഴിലെ സമിതിയുടെ മേധാവിയായി ചുമതലയേറ്റു. 1962ൽ വാർത്താവിനിമയ മന്ത്രിയായി.  1963 മുതല്‍ 2003 വരെ രാജ്യത്തെ വിദേശകാര്യ മന്ത്രിയും 2003 മുതല്‍ 2006 വരെ പ്രധാനമന്ത്രിയുമായിരുന്നു.   


അമീർ ഷൈഖ്‌ ജാബിർ അൽ അഹമദ്‌ അൽ സബാഹിന്റെ ദേഹ വിയോഗത്തെ തുടർന്ന് 2006 ജനുവരി 29 നു കുവൈത്തിന്റെ പതിഞ്ഞാമത്തേതും സ്വതന്ത്ര കുവൈത്തിന്റെ അഞ്ചാമത്തെയും  അമീറായി ഷൈഖ്‌ സബാഹ്‌ സത്യ പ്രതിജ്ഞ ചെയ്ത്‌ അധികാരമേറ്റത്. മേഖലയിലെ തന്നെ ഏറ്റവും ജനപ്രീതി നേടിയ ഭരണാധികാരിയായിരുന്നു കുവൈത്ത് അമീര്‍. ഈയടുത്താണ് യുഎസ് പ്രസിഡന്റിന്റെ 'ദി ലീജിയന്‍ ഓഫ് മെറിറ്റ് ഡിഗ്രി ചീഫ് കമാന്‍ഡര്‍' ബഹുമതി അമീറിന് ലഭിച്ചത്. 

നേരത്തെ ഐക്യരാഷ്​ട്ര സഭ അദ്ദേഹത്തിന്​ 2014ൽ മാനുഷിക സേവനത്തി​െൻറ ലോക നായക പട്ടം നൽകി ആദരിച്ചിരുന്നു. അറബ് മേഖലയിലും രാജ്യാന്തര തലത്തിലും സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിന് കുവൈത്ത് അമീര്‍ വഹിച്ചിട്ടുള്ള വലിയ പങ്കിന് ആദരവായാണ് ബഹുമതി നല്കിയത്. അറബ്  മേഖലയിലെ  ഏറ്റവും പ്രധാനപ്പെട്ട ഉപദേശകനും  നേതാവുമായാണ് പാശ്ചാത്യ മാധ്യമങ്ങള്‍ വരെ അമീറിനെ വിശേഷിപ്പിക്കുന്നത്. 

Related News