ലോക്ക്ഡോണിനെ തുടർന്നു റദ്ദ് ചെയ്യപ്പെട്ട വിമാന ടിക്കറ്റുകൾക്കു മുഴുവൻ തുകയും തിരിച്ചു നൽകണമെന്ന് സുപ്രീം കോടതി

  • 01/10/2020

ലോക്ക്ഡോണിനെ തുടർന്നു റദ്ദ് ചെയ്യപ്പെട്ട വിമാന ടിക്കറ്റുകൾക്കു മുഴുവൻ തുകയും തിരിച്ചു നൽകണമെന്ന് സുപ്രീം  കോടതി. ഈ  ആവശ്യം  ഉന്നയിച്ച് പ്രവാസി  ലീഗൽ സെൽ  സുപ്രീം കോടതിയിൽ  നൽകിയ ഹർജിയിൽ അന്തിമ വിധി പുറപ്പെടുവിക്കേയാണ് സുപ്രീം  കോടതി ഇക്കാര്യം   വ്യക്തമാക്കിയത്.
ലോക്ക്ഡോണിനെ തുടർന്നു ആഭ്യന്തര , അന്താരാഷ്ട്ര  വിമാനയാത്രകളെല്ലാം റദ്ദാക്കപ്പെട്ടതിനെത്തുടർന്നു എല്ലാ യാത്രക്കാർക്കും  ഫുൾ റീഫണ്ട്  നൽകാത്ത  വിമാന കമ്പനികളുടെ  നടപടിയെ  ചോദ്യം ചെയ്തുകൊണ്ട് പ്രവാസി  ലീഗൽ സെൽ  സുപ്രീം കോടതിയിൽ പൊതു താത്പര്യ  ഹർജി  സമർപ്പിച്ചിരുന്നു. ഹർജിയിൽ  നിലപടറിയിച്ച് കേന്ദ്രസർക്കാർ  സുപ്രീം കോടതിയിൽ  സത്യവാങ്മൂലം  സമർപ്പിച്ചിരുന്നു. ഇത്  അംഗീകരിച്ചുകൊണ്ടാണ്  സുപ്രീം കോടതിയുടെ  വിധി  ഇപ്പോൾ  പുറത്തുവന്നിരിക്കുന്നത്.
ഇതനുസരിച്ചു  ലോക്ഡോൺ  സമയത്തു ബുക്ക്  ചെയ്ത  മുഴുവൻ  ടിക്കറ്റുകൾക്കും   റദ്ദുചെയ്യപ്പെട്ട  വിമാനയാത്രയുടെ  മുഴുവൻ  തുകയും മൂന്ന്  ആഴ്ചക്കകം   വിമാനക്കമ്പനികൾ യാത്രക്കാർക്ക്  നൽകേണ്ടതാണ്. ലോക്ക് ഡൗണിനു  മുൻപ്  ബുക്ക്  ചെയ്ത  ടിക്കറ്റുകളെ  സംബന്ധിച്ചും മൂന്ന്  ആഴ്ചക്കകം തുക  തിരിച്ചു  നൽകേണ്ടതാണ്. എന്നാൽ  വിമാനക്കമ്പനികൾക്കു  സാമ്പത്തീക  ബുദ്ധിമുട്ടുണ്ട്  എങ്കിൽ    തുക  ക്രെഡിറ്റ് ഷെല്ലായി യാത്രക്കാരുടെ  പേരിൽ  നൽകേണ്ടതും ക്രഡിറ്  ഷെല്ലിലെ പണമുപയോഗിച്ചു  യാത്രക്കാർക്ക് 2021 മാർച്ച് മാസം 31  വരെ ടിക്കറ്റ്  ബുക്ക് ചെയ്യാൻ  അവസരവുമുണ്ട്. എന്നാൽ  ടിക്കറ്റ് ബുക്ക്  ചെയ്യാത്തവർക്ക്  മാർച്ചു 31 നകം .75 % മാസ പലിശയോടെ  (വർഷം  9 %) തുക തിരികെ നൽകണമെന്നും  വിധിയിൽ  പറയുന്നു. 
ഇന്ത്യയിലെ  മുഴുവൻ  ആഭ്യന്തര  യാത്രകൾക്കും  ഇന്ത്യയിൽ  നിന്ന്  പുറപ്പെടുന്ന  എല്ലാ  അന്തരാഷ്ട്ര  വിമാനയാത്രകൾക്കും  മേൽപറഞ്ഞ   രീതി  ബാധകമാക്കണമെന്നും വിധിയിൽ  പറയുന്നു.
കോവിഡ് കാലത്തു  റദ്ദു ചെയ്യപ്പെട്ട  മുഴുവൻ  ടിക്കറ്റുകൾക്കും ഫുൾ  റീഫണ്ട്  നൽകാനുള്ള  സുപ്രീം  കോടതി  വിധി  പ്രവാസികളുൾപ്പെടെ ഉള്ളവർക്ക്  വലിയ  ആശ്വാസമാണെന്നു   ഹർജി നൽകിയ  പ്രവാസി  ലീഗൽ സെൽ  ഗ്ലോബൽ പ്രെസിഡൻറ് അഡ്വ. ജോസ്  എബ്രഹാമും , പ്രവാസി ലീഗൽ സെൽ കുവൈറ്റ് കൺട്രി ഹെഡ് ബാബു ഫ്രാൻസീസും അറിയിച്ചു.

Related News