105 ഇന്ത്യക്കാർക്ക് ജൂൺ മുതൽ ശമ്പളം ലഭിച്ചിട്ടില്ലെന്ന് റിപ്പോർട്ട്, പ്രശ്ന പരിഹാരത്തിനായി എംബസ്സിയെ സമീപിച്ചു.

  • 03/10/2020

കുവൈറ്റ് സിറ്റി: 105 ഇന്ത്യക്കാരായ പ്രവാസികൾക്ക് ജൂൺ മുതൽ ശമ്പളം ലഭിച്ചിട്ടില്ലെന്ന് റിപ്പോർട്ട്.  ഇതിൽ 99 പേർ തമിഴ്‌നാട് സ്വദേശികളാണ്.  ഷുയിബ തുറമുഖത്ത് ജോലി ചെയ്യുന്ന ഇവരുടെ പ്രശ്നത്തിൽ  ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ എംബസിക്ക് അപേക്ഷ നൽകിയാതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു .


 ഇന്ത്യൻ എംബസി കുവൈത്തിലെ പൗരന്മാർക്ക് ആവശ്യമായ എല്ലാ സേവനങ്ങളും നൽകുന്നുണ്ടെന്ന് അംബാസിഡർ  സിബി ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. കുവൈത്തിലെ ഇന്ത്യൻ സമൂഹം അഭിമുഖീകരിക്കുന്ന ഏത് പ്രശ്‌നവും പരിഹരിക്കാൻ എല്ലായ്പ്പോഴും കുവൈറ്റ് അധികൃതരുമായി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

തൊഴിലാളികൾക്ക് അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാനോ  വാടക നൽകാനോ കഴിഞ്ഞിട്ടില്ലെന്നും, കൂടാതെ അവരുടെ താമസ രേഖ  ഒക്ടോബർ മുതൽ ഡിസംബർ വരെയുളള കാലയളവിൽ കാലഹരണപ്പെടുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വാടക നൽകാത്തതിനാൽ വീടുകളിൽ നിന്ന് കുടിയൊഴിപ്പിക്കുമോ എന്ന ഭയവും ഇവർക്കുണ്ട് , ഇവർ  താമസിക്കുന്ന ഫ്ലാറ്റിന്റെ ഉടമകൾ അവിടുത്തെ ജലവിതരണം നിർത്തിവെച്ചതായും പറയുന്നു. 

രാജ്യത്തെ കൊവിഡ് പ്രതിസന്ധിയെത്തുടർന്ന് ബാധിച്ച പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഇന്ത്യൻ എംബസി ഇടപെട്ട് കമ്പനിയുമായി ചർച്ച നടത്തിയിട്ടുണ്ട്. നഷ്ടപരിഹാരവും മറ്റ് കുടിശ്ശികകളും തീർപ്പാക്കാത്തതിനാൽ നിരവധി ഇന്ത്യക്കാർ മാസങ്ങളായി സ്വദേശത്തേക്ക് പോകാനായി  കാത്തിരിക്കുകയാണ്, സ്വന്തം നാട്ടിലേക്ക് മടങ്ങാൻ കഴിയാത്ത പ്രതിസന്ധിയിലാണ് പ്രവാസികളെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Related News