അടുത്ത വർഷം ജൂലൈയോടെ 2000ത്തിനോടത്ത് പ്രവാസി അധ്യാപകരെ പിരിച്ചുവിടാനൊരുങ്ങുന്നു

  • 04/10/2020

കുവൈറ്റ് സിറ്റി; അടുത്ത വർഷം ജൂലൈയോടെ  2000ത്തിനോടത്ത്  പ്രവാസി അധ്യാപകരെ കുവൈറ്റിൽ നിന്ന് പിരിച്ചുവിടാനൊരുങ്ങുന്നു. ഔദ്യോ​ഗിക കണക്കുകൾ പ്രകാരം 1961 പേരെ പിരിച്ചു വിടുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പ്രധാനമായും അഞ്ച് വിഷയങ്ങൾ പഠിപ്പിക്കുന്നവരെയാണ് പിരിച്ചു വിടുന്നത്.   ഇസ്ലാമിക് വിദ്യാഭ്യാസം, ചരിത്രം, ഭൂമിശാസ്ത്രം, സൈക്കോളജി, ഫിലോസഫി എന്നീ വിഷയങ്ങള്‍ പഠിപ്പിക്കുന്ന പ്രവാസി അധ്യാപകരെയാണ് പിരിച്ചു വിടാനൊരുങ്ങുന്നതെന്നും പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.

പിരിച്ചുവിടാനൊരുങ്ങുന്ന എല്ലാ വിഭാഗങ്ങളിലെയും അധ്യാപകരുടെ പട്ടിക   അധികൃതരുടെ നിര്‍ദ്ദേശപ്രകാരം പബ്ലിക് എജ്യൂക്കേഷന്‍ സെക്ടര്‍ തയ്യാറാക്കിയിട്ടുണ്ട്.  അഞ്ച് വിഷയങ്ങള്‍ പഠിപ്പിക്കുന്ന പ്രവാസി അധ്യാപകരുടെ 
പേര്, സിവില്‍ ഐഡി നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങൾ നല്‍കാന്‍ സിവില്‍ സര്‍വീസ് കമ്മീഷന്‍ വിദ്യാഭ്യാസ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു .

ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ പ്രകാരം പ്രാഥമിക, ഇന്റർമീഡിയറ്റ്, സെക്കൻഡറി എന്നീ മൂന്ന് വിദ്യാഭ്യാസ ഘട്ടങ്ങളിലെ പ്രവാസി ഇസ്ലാമിക വിദ്യാഭ്യാസ അധ്യാപകരുടെ എണ്ണം 1,319 ആണ്, അതിൽ 670 പുരുഷന്മാരും 649 പേർ  ഗൾഫ് പൗരന്മാരുമാണഅ. സോഷ്യൽ സ്പെഷ്യലൈസേഷനിൽ ജോലി ചെയ്യുന്ന പ്രവാസി അധ്യാപകരുടെ എണ്ണം 240 ആണ്. 174 പുരുഷന്മാരും 66 സ്ത്രീകളും ഉൾപ്പെടയാണിത്. 

ഇസ്ലാമിക് വിദ്യാഭ്യാസത്തിനായി 1319 പ്രവാസി അധ്യാപകരും, ചരിത്രം പഠിപ്പിക്കാന്‍ 104 പേരും, ജോഗ്രഫിക്ക് 213 പേരും, സൈക്കോളജിക്കും സോഷ്യോളജിക്കും 27 പേരും ഫിലോസഫിക്ക് 58 പ്രവാസി അധ്യാപകരുമാണുള്ളതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. മേൽപ്പറഞ്ഞ അഞ്ച് സ്പെഷ്യലൈസേഷനുകളിലെ എല്ലാ അധ്യാപകരുടെയും പട്ടിക തയ്യാറാക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

Related News