ശമ്പളം ലഭിക്കാത്ത 105 ഇന്ത്യൻ പ്രവാസികളുടെ പ്രശ്നത്തിൽ പരിഹാരം കാണുന്നു

  • 05/10/2020

കുവൈറ്റ് സിറ്റി;   ജൂൺ മുതൽ ശമ്പളം ലഭിക്കാത്ത അൽ-ഷുയിബ തുറമുഖത്ത് ജോലി ചെയ്യുന്ന 105 ഇന്ത്യൻ പ്രവാസികളുടെ പ്രശ്നത്തിൽ പരിഹാരം കാണുന്നു.  അൽ-ഷുയിബ തുറമുഖത്ത് ജോലി ചെയ്യുന്ന  ഇന്ത്യൻ പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ  പബ്ലിക് അതോറിറ്റി ഓഫ് മാൻ‌ പവർ ഇടപെട്ടതായി പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു. പ്രവാസികളുടെ പരാതികൾ ലഭിച്ച പശ്ചാത്തലത്തിൽ  പ്രശ്നം പരിഹരിക്കാൻ പി‌എഎം ഉദ്യോഗസ്ഥർ മംഗാഫ് ഏരിയയിൽ പ്രവാസി തൊഴിലാളികളുടെ താമസസ്ഥലം സന്ദർശിച്ചിട്ടുണ്ട്.

 തുറമുഖത്ത്  ജോലി ചെയ്യുന്ന ഇന്ത്യൻ പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് നേരത്തെ റിപ്പോർട്ട് പുറത്തുവന്നിരുന്നു.  കൃത്യമായ ശമ്പളം ലഭിക്കാത്തതും, താമസ വിസ പുതുക്കാത്തതും, കമ്പനി കൈവശം വച്ചിരുന്ന പാസ്‌പോർട്ടുകൾ തിരികെ നൽകാത്തതും, താമസ്ഥലത്ത് പ്രവാസികൾ നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ എന്നിങ്ങനെ പ്രവാസികൾ അനുഭവിക്കുന്ന ദുരിതങ്ങളുടെ റിപ്പോർട്ട് ആണ് പുറത്തുവന്നിരുന്നത്.

 നിയമപരമായ  തർക്കം പരിഹരിക്കാൻ കമ്പനിയുടെ നിയമ പ്രതിനിധികളെ ക്ഷണിച്ചിട്ടുണ്ട്. കരാർ അവസാനിച്ചതും തൊഴിലാളികൾക്ക് ശമ്പളം നൽകുന്നതിൽ പരാജയപ്പെട്ടതും കാരണം തൊഴിലുടമകളുടെ ഫയൽ ഇതിനകം ഭാഗികമായി നിർത്തിവച്ചിട്ടുണ്ട്. ഈ  പശ്ചാത്തലത്തിലും കൂടിയാണ് പ്രശ്നം പരിഹരിക്കാൻ പബ്ലിക് അതോറിറ്റി ഒരുങ്ങുന്നത്.  പ്രവാസികൾക്ക് ജൂൺ മുതൽ ശമ്പളം ലഭിച്ചിട്ടില്ലെന്നും, ഷുയിബ തുറമുഖത്ത് ജോലി ചെയ്യുന്ന ഇവരുടെ പ്രശ്നത്തിൽ  ഇടപെടണമെന്നും ആവശ്യപ്പെട്ട് ഇന്ത്യൻ എംബസിക്ക് അപേക്ഷ നൽകിയാതായും നേരത്തെ  പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തിരുന്നു.

Related News