കുവൈറ്റിൽ കൊവിഡ് രണ്ടാം ഘട്ട വ്യാപന മുന്നറിയിപ്പുമായി ആരോ​ഗ്യമന്ത്രാലയം

  • 05/10/2020

കുവൈറ്റ് സിറ്റി;  കൊവിഡ് വൈറസ് വ്യാപന പശ്ചാത്തലത്തിൽ  സാമൂഹിക ഉത്തരവാദിത്തം നിറവേറ്റേണ്ടത്  പ്രധാനമാണെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുളള അൽ സനദ്. രാജ്യത്ത് കൊവിഡ് മാർ​ഗ നിർദേശങ്ങൾ പാലിക്കാത്തതിനെ കുറിച്ചും   അതിന്റെ   പ്രത്യാഘാതങ്ങളെക്കുറിച്ചും  ആരോ​ഗ്യമന്ത്രാലയം   മുന്നറിയിപ്പ് നൽകി. രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നുണ്ടെന്നും രണ്ടാം ഘട്ട വ്യാപനം ഏത് സമയത്തും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് കൊവിഡ്   തീവ്രപരിചരണ വിഭാഗത്തിലും പ്രത്യേക വാർഡുകളിലും രോഗികളുടെ  8 ശതമാനം വർദ്ധനവുണ്ടായി. ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുളള എല്ലാ  ആശുപത്രികളിലും പ്രത്യേക തീവ്രപരിചരണ കിടക്കകളിൽ 11% വർദ്ധനവുണ്ടായെന്നും ഡോ. അബ്ദുളള അൽ സനദ് വ്യക്തമാക്കി. 


കൊവിഡ വൈറസ് വ്യാപനത്തെ പ്രതിരോധിക്കുക എന്നത് എല്ലാ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ഉത്തരവാദിത്തമാണ്.   സമൂഹത്തിലെ എല്ലാ അംഗങ്ങളും,  സ്ഥാപനങ്ങളും തമ്മിലുള്ള സംയുക്ത സഹകരണത്തോടെയാണ് വൈറസ് വ്യാപനം  നിയന്ത്രിക്കാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് മൂലം ഏകദേശം 8 മാസമായി രാജ്യത്തെ ആരോഗ്യ മേഖല സംവിധാനം നേരിടുന്ന സമ്മർദ്ദം കുറയ്ക്കേണ്ടത് പ്രധാനമാണ്.

കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാ​ഗമായി  ചില രാജ്യങ്ങൾ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഡോ. അൽ-സനദ് പറഞ്ഞു. നമ്മുടെ രാജ്യത്ത് പ്രാദേശികമായി നിയന്ത്രണങ്ങൾ കൊണ്ടുവരാൻ   ആഗ്രഹിക്കുന്നില്ല, കാരണം ഈ പകർച്ചവ്യാധിയെ നേരിടാനുള്ള ഏറ്റവും വലിയ കാര്യം ഓരോ വ്യക്തിയുടെയും അവബോധവും സമൂഹത്തെ ഉത്തരവാദിത്തത്തെക്കുറിച്ചുള്ള ബോധവുമാണ്.  തനിക്കും, ചുറ്റുമുള്ളവർക്കും വേണ്ടിയുള്ള സംരക്ഷണം ഓരോരുത്തരും ഉറപ്പാക്കണം. തക്കതായ ചികിത്സയോ വാക്സിനോ കണ്ടുപിടിക്കാത്ത കാലം വരെ കൊവിഡ് വൈറസ് അവസാനിച്ചുവെന്ന് കരുതാനാകില്ല. പ്രതിരോധ പ്രവർത്തനങ്ങളിലുളള അശ്രദ്ധയും, കൊവിഡ് മാർ​ഗ നിർദേശങ്ങൾ പാലിക്കാത്തതും ഏത് സമയത്തും രണ്ടാം ഘട്ട വ്യാപനത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News