കുവൈറ്റിലെത്താൻ കഴിയാതെ ആയിരത്തോളം പ്രവാസികൾ നാട്ടിലേക്ക് മടങ്ങുന്നു

  • 08/10/2020

കൊവിഡ് പശ്ചാത്തലത്തിൽ കുവൈറ്റിലെത്താൻ കഴിയാതെ യുഎഇയിൽ കുടുങ്ങിക്കിടക്കുന്ന ആയിരത്തോളം ഇന്ത്യൻ പ്രവാസികൾ നാട്ടിലേക്ക് മടങ്ങുന്നു.  ടിക്കറ്റ് നിരക്കിൽ അമിത വില ഈടാക്കുന്നതും, വിമാന സർവ്വീസുകളുടെ ലഭ്യത കുറവും  നേരിട്ടതോടെയാണ് പ്രവാസികൾ തിരിച്ച് നാട്ടിലേക്ക് മടങ്ങുന്നത്. നിരവധി പ്രവാസികളാണ് ദുബായിലെ ഹോട്ടലുകളിൽ തങ്ങുന്നത്. ഒരു മാസ കാലാവധിക്ക് വിസിറ്റിങ്ങ് വിസയിൽ ദുബായ് വന്നു 14 ദിവസത്തെ ക്വാറന്റൈൻ പൂർത്തിയാക്കി കുവൈറ്റിൽ എത്താനിരുന്ന നിരവധി പ്രവാസികൾ നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. ഒരാഴ്ച കൂടി കഴിഞ്ഞാൽ വിസ കാലാവധി അവസാനിക്കുന്നവർ ഉൾപ്പെടെ ഉടൻ മടങ്ങാനിരിക്കുകയാണ്.

ഇന്ത്യയിൽ നിന്നും കുവൈറ്റിലേക്ക് നേരിട്ടുളള വിമാന സർവ്വീസ് ഇല്ലാത്തതോടെയും നേരിട്ട് പ്രവേശന വിലക്കുള്ളതിനാലും  യുഎഇയിൽ എത്തി 14 ദിവസത്തെ ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കിയതിന് ശേഷം കുവൈറ്റിലേക്ക് പ്രവേശിക്കാമെന്നാണ് അധികൃതർ നിർദ്ദേശം നൽകുന്നത്. നിലവിൽ വൻ തുകയാണ് ടിക്കറ്റിന് ഈടാക്കുന്നത്. കുവൈറ്റിലേക്കുളള വിമാന സർവ്വീസിന്  300 മുതൽ 600 ദിർഹം വരെയാണ് സാധാരണ നിരക്ക്. എന്നാൽ ഇപ്പോൾ 5000 ദിർഹമിന് മുകളിലാണ് ടിക്കറ്റ് വില ഈടാക്കുന്നത്. സ്വകാര്യ ഏജൻസികൾ 5000 മുതൽ 7500 ദിർഹം വരെ ടിക്കറ്റിന് ഈടാക്കുന്നുണ്ട്. അതേസമയം 300 ദിർഹമിന് കേരളത്തിലേക്ക് സർവ്വീസുളളതിനാൽ പലരും നാട്ടിലേക്ക് മടങ്ങുകയാണ്. 

Related News