കുവൈറ്റിൽ വീണ്ടും കർഫ്യൂ ഏർപ്പെടുത്തിയേക്കും

  • 10/10/2020

കുവൈറ്റ് സിറ്റി;  രാജ്യത്ത്  കൊവിഡ്  വൈറസ് വ്യാപനവും, കൊവിഡ് മരണ നിരക്കും വർധിക്കുന്ന പശ്ചാത്തലത്തിൽ വീണ്ടും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ആരോ​ഗ്യമന്ത്രാലയം  ഒരുങ്ങുന്നു. കൊവിഡ് ബാധിച്ച് ഒരു ദിവസം 7 പേർ മരണത്തിന് കീഴടങ്ങുകയും ഒരാഴ്ചക്കിടെ 34 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് വീണ്ടും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെക്കുറിച്ചാലോചിക്കുന്നത് . കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമായിയുളള മാർ​ഗ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നതും കൊവിഡ് വ്യാപനത്തിലേക്ക് നീങ്ങുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രി ബാസിൽ അൽ സബാഹ്‌ ഇന്ന് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. പിന്നീട് തിങ്കളാഴ്ച ചേരുന്ന മന്ത്രി സഭയുടെ  പരിഗണനക്കായി ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം സമർപ്പിക്കുമെന്നും പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.

കൊവിഡ് രണ്ടാം ഘട്ട വ്യാപന പശ്ചാത്തലത്തിൽ  നേരത്തെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും പിന്നീട്‌ പിൻ വലിക്കുകയും ചെയ്ത നിരവധി  രാജ്യങ്ങൾ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമായി വീണ്ടും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. എന്നാൽ കുവൈറ്റിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിന്റെ ഭാഗമായി ആദ്യ ഘട്ടത്തിൽ കർഫ്യൂ ഒഴികെയുള്ള മറ്റു നടപടികൾ ഏർപ്പെടുത്തുന്നതിനാകും മുൻ ഗണന നൽകുക. ഇത് മുഴുവനായി‌ ഫലപ്രദമായില്ലെങ്കിൽ മാത്രം കർഫ്യൂ ഏർപ്പെടുത്തിയാൽ മതിയെന്നാണ് ആരോഗ്യ മന്ത്രാലയത്തിലെ ഒരു വിഭാഗം നിർദ്ദേശം നൽകുന്നത്.
അതേസമയം രാജ്യത്ത് കൊവിഡ് മാർ​ഗ നിർദ്ദേശങ്ങൾ ലംഘിക്കുന്നതും, അനാവശ്യമായി വിദേശത്തേക്ക് യാത്ര ചെയ്യുന്നതും, അനാവശ്യമായി വീടിന് പുറത്തേക്ക് ഇറങ്ങുന്നതും. മാസ്ക് ധരിക്കാത്തതും ഉൾപ്പെടെയുളള കാര്യങ്ങൾ രാജ്യത്ത് കൊവിഡ് വ്യാപനവും, മരണ നിരക്കും വർധിക്കാൻ ഇടയായിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

Related News