ഒമാനിലെ കൊവിഡ് വ്യാപനം; പൊതു ജനങ്ങളുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായെന്ന് ആരോഗ്യ മന്ത്രാലയം

  • 10/10/2020

ഒമാനിലെ  കൊവിഡ് വ്യാപനത്തിന് കാരണം  പൊതു ജനങ്ങളുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടാതാണെന്ന് ആരോ​ഗ്യമന്ത്രാലയം. രാത്രി കാല കർഫ്യൂ വീണ്ടും ഏർപ്പെടുത്തിയതിന് പിന്നാലെയാണ് ആരോ​ഗ്യമന്ത്രാലയത്തിന്റെ പ്രതികരണം.  കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും, നിർദ്ദേശങ്ങളും പാലിക്കുന്നതിൽ പൊതു ജനങ്ങളുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായതായി ഒമാൻ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ സെയ്ദി അറിയിച്ചു. ബീച്ചുകളിലും, മറ്റ് പൊതു ഇടങ്ങളിലും കൊവിഡ് പ്രോട്ടോക്കോളുകൾ ലംഘിച്ചു കൊണ്ട് ആളുകൾ സംഘം ചേർന്നത് വൈറസ് വ്യാപന നിരക്ക് ഉയരുന്നതിന് കാരണമായതായും മന്ത്രി വ്യക്തമാക്കി. 
ഒമാനിലെ സുൽത്താനേറ്റിൽ നിലവിൽ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷവും, കോവിഡ് മരണങ്ങളുടെ എണ്ണം ആയിരവും പിന്നിട്ടിരിക്കുകയാണ്.

ഈ സാഹചര്യത്തിലാണ് അനിശ്ചിത കാലത്തേക്ക് ബീച്ചുകൾ അടച്ചിടുവാനും, രാത്രികാല കർഫ്യൂ പുനഃസ്ഥാപിക്കുവാനും സുപ്രീം കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. കൊവിഡ് സുരക്ഷാ നിർദ്ദേശങ്ങൾ ഉറപ്പു വരുത്താതെ പ്രവർത്തിക്കുന്ന മുഴുവൻ  വാണിജ്യ – വ്യാവസായിക സ്ഥാപനങ്ങളും അടച്ചു പൂട്ടാനും സുപ്രീം കമ്മിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്. നാളെ മുതലാണ് പുതിയ രാത്രി കാല കർഫ്യൂ നിലവിൽ വരിക. രാത്രി എട്ട് മുതൽ രാവിലെ അഞ്ച് വരെ പുറത്തിറങ്ങുന്നതിന് വിലക്കുണ്ടാകും. 

Related News