മെസിക്ക് മുന്നിൽ വമ്പനൊരു ഓഫർ വെച്ച് ഒമാൻ അഭിഭാഷകൻ

  • 24/12/2022




ദോഹ: ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ച അര്‍ജന്‍റീനയ്ക്ക് കിരീടം സമ്മാനിക്കുന്നതിന് മുമ്പ് നായകന്‍ ലിയോണല്‍ മെസിയെ ഖത്തര്‍ അമീറും ഫിഫ പ്രസിഡന്‍റും ചേര്‍ന്ന സവിശേഷ വസ്ത്രമായ ബിഷ്ത് ധരിപ്പിച്ചിരുന്നു. ഇതിന് ശേഷം ലോക വ്യാപകമായി ഈ സവിശേഷ വസ്ത്രത്തെ കുറിച്ചുള്ള വാർത്തകളാണ് നിറഞ്ഞത്. ഇപ്പോൾ ലിയോണൽ മെസിക്ക് മുന്നിൽ വമ്പനൊരു ഓഫർ വച്ചിരിക്കുകയാണ് ഒമാനിൽ നിന്നുള്ള അഭിഭാഷകൻ അഹമ്മദ് അൽ ബർവാനി.

ലോകകപ്പ് കിരീടം ഉയർത്തിയപ്പോൾ ധരിച്ചിരുന്ന ബിഷ്തിന് പകരമായി ഒരു മില്യൺ ഡോളർ നൽകാമെന്നാണ് അൽ ബർവാനിയുടെ വാ​ഗ്ദാനം. ലോകകപ്പ് ഉയർത്തുമ്പോൾ മെസി ധരിച്ചിരുന്ന ബിഷ്തിന് 2,200 ഡോളര്‍ ആയിരുന്നു വില. സലീം എന്നയാളുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ഈ സവിശേഷ വസ്ത്രം നിര്‍മ്മിച്ചത്. ലോകകപ്പ് ഫൈനലിനായി രണ്ട് അളവിലുള്ള ബിഷ്ത് ആണ് സലീമിന്‍റെ കമ്പനി തയാറാക്കിയത്. ഒന്ന് മെസിയെ അണിയിച്ചതും മറ്റൊന്ന് ഫ്രാന്‍സ് നായകന്‍ ഹ്യൂഗോ ലോറിസിന്‍റെ അളവിലുള്ളതുമായിരുന്നു.

ലോകകപ്പ് ഫൈനല്‍ കഴിഞ്ഞതോടെ ബിഷ്തിന്‍റെ ഡിമാന്‍ഡ് കുതിച്ചുയര്‍ന്നുവെന്നാണ് സലീം പറയുന്നത്. സാധാരണ ദിവസവും എട്ട് മുതല്‍ 10 വരെ ബിഷ്താണ് വിറ്റിരുന്നത്. എന്നാല്‍, ഫൈനലിന് ശേഷം തിങ്കളാഴ്ച 150ഓളം എണ്ണം വരെ കടയില്‍ നിന്ന് വിറ്റു. ലിയോണല്‍ മെസി ധരിച്ച അതേ മാതൃകയിലുള്ള മൂന്ന് ബിഷ്തും വിറ്റു. കടയ്ക്ക് മുന്നില്‍ ആളുകള്‍ ക്യൂ നില്‍ക്കുന്ന അവസ്ഥ വരെയുണ്ടായെന്നും സലീം എഎഫ്പിയോട് പറഞ്ഞു. ബിഷ്ത് ധരിച്ച ശേഷം ലോകകപ്പ് ട്രോഫിയുടെ മാതൃകയും കയ്യിലേന്തി അര്‍ജന്‍റീന താരങ്ങള്‍ അവരുടെ ചാന്‍റുകള്‍ മുഴക്കുന്നുണ്ടായിരുന്നു.

Related News