ബി.ഡി.കെ ഇടപെടൽ വീണ്ടും; കുവൈത്തിൽ അപൂർവ രക്തദാനം ചെയ്ത് പ്രവാസി യുവാവ്.

  • 15/12/2020

കുവൈറ്റ് : ക്യാൻസർ ചികിത്സക്ക് വിധേയയായ കുവൈത്തി വനിത ക്കാണ് അത്യപൂർവ്വമായ ബോംബെ രക്ത ഗ്രൂപ്പിൽ പെട്ട പ്രവാസി യുവാവ്  രക്തദാനം നടത്തിയത്. രക്തദാനരംഗത്തെ നവമാധ്യമ കൂട്ടായ്മയായ ബ്ലഡ് ഡോണേഴ്സ് കേരളയുടെ ഇടപെടലിലൂടെയാണ് കുവൈത്തിൽ വീണ്ടും അപൂർവ്വരക്തദാനത്തിന് വഴി തെളിഞ്ഞത്. തമിഴ്നാട് ദിണ്ഡികൽ സ്വദേശി സദം പാണ്ഡ്യനാണ് ഇന്നലെ വൈകുന്നേരം ജാബ്രിയ സെന്ട്രൽ ബ്ലഡ് ബാങ്കിൽ എത്തി രക്തം നൽകിയത്.

സെൻട്രൽ ബ്ലഡ് ബാങ്കിന്റെ നിലവിലെ കണക്കുകളനുസരിച്ച് കുവൈത്തിൽ 3 പേർക്ക് മാത്രമാണ് ഈ അപൂർവ്വ രക്തം ഉള്ളത്. അതിൽ പെട്ട ഒരാളിന്റെ ചികിത്സാർത്ഥം രക്തം ആവശ്യം വന്നതിനെ തുടർന്നാണ് ബ്ലഡ് ബാങ്ക് അധികൃതർ ബിഡികെ യുടെ സഹായം അഭ്യർത്ഥിക്കുന്നത്. തുടർന്ന് ബിഡികെ പ്രവർത്തകർ ഞായറാഴ്‌ച രാത്രി തന്നെ ദാതാവിനെ അദാൻ ബ്ലഡ് ബാങ്കിൽ എത്തിച്ച് സാമ്പിൾ നൽകുകയും, തിങ്കളാഴ്‌ച രാത്രി 8 മണിയോടെ ജാബ്രിയ ബ്ലഡ് ബാങ്കിലെത്തി രക്തം ദാനം ചെയ്യുകയുമായിരുന്നു. മൂന്നാമത്തെ ആളിന് ഭാരക്കുറവു മൂലം രക്തദാനം നടത്തുവാൻ സാധിക്കാത്തതിനാൽ, രണ്ട് റെഡ് സെൽ ട്രാൻസ്ഫ്യൂഷനുകൾക്ക് സുരക്ഷിതമായി ഉപയോഗിക്കാൻ കഴിയുന്ന ഡബിൾ ആർ ബി സി രീതിയിലുള്ള രക്തദാനമാണ് സദം നടത്തിയത്. അതായത് ഒരൊറ്റ രക്തദാനത്തിലൂടെ രണ്ട് രോഗികൾക്ക് ജീവൻ രക്ഷിക്കാനുള്ള ചികിത്സ നേടാൻ സഹായിക്കും. 2018 മുതൽ കുവൈത്തിൽ പ്രവാസിയായ സദം പാണ്ഡ്യൻ ഫെയ്സ് ബുക്ക് പേജിലൂടെയാണ് ബിഡികെയിൽ അംഗമാകുന്നത്. കുവൈത്തിലെത്തുന്നതിന് മുമ്പ് 3 തവണ ഇന്ത്യയിലും ഇദ്ദേഹം രക്തം ദാനം ചെയ്തിട്ടുണ്ട്.

മുമ്പ് 2017 നവംബറിലും മംഗലാപുരം സ്വദേശിനിയായ യുവതിക്കു പ്രസവ ശസ്ത്രക്രിയക്കായി രാജ്യാന്തര ഇടപെടലുകളിലൂടെ നിധീഷ് രഘുനാഥ് എന്ന ബോംബെ രക്ത ഗ്രൂപ്പിൽ പെട്ട ദാതാവിനെ ഖത്തറിൽ നിന്നും ബിഡികെ ഖത്തർ, കുവൈറ്റ് ഘടകങ്ങൾ സംയുത്മായി നടത്തിയ നീക്കങ്ങളിലൂടെ യുദ്ധകാലാടിസ്ഥാനത്തിൽ കുവൈത്തിലെത്തിച്ച് രക്തദാനം നടത്തിയിരുന്നു. എ,ബി,ഒ എന്നിവയാണ് ലോകത്ത് പൊതുവില്‍ കണ്ടുവരുന്ന രക്തഗ്രൂപ്പുകള്‍. എന്നാല്‍ അപൂര്‍വ്വമായ രക്തഗ്രൂപ്പുകളും ഉണ്ട്. അത്തരത്തില്‍ ഒന്നാണ് ബോംബെ ബ്ലഡ് ഗ്രൂപ്പ് 1952ല്‍ മുംബൈയിലാണ് ഇത് കണ്ടെത്തിയത്. 10ലക്ഷം ആളുകള്‍ക്ക് ഇടയില്‍ 4 പേര്‍ക്കാണ് ഈ ബ്ലഡ് ഗ്രൂപ്പ് കാണുക എന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും സജീവമായ ബ്ലഡ് ഡോണേഴ്സ് കേരളയുടെ പക്കൽ അപൂർവ്വയിനം രക്തഗ്രൂപ്പ് ദാതാക്കളുടെ ഡാറ്റാ ബാങ്ക് ലഭ്യമാണ്.

Related News