പിതാവ് ജയിലില്‍, അമ്മ ഉപേക്ഷിച്ചു; ബാലന്‍ ഉറങ്ങുന്നത് നായക്കൊപ്പം തെരുവില്‍

  • 15/12/2020

കാണുന്നവരുടെ കണ്ണുകളെ ഈറനണിയിക്കുന്ന ഒരു ചിത്രമാണ് മുസാഫര്‍നഗറില്‍ നിന്നും കഴിഞ്ഞ ദിവസം പുറത്തുവന്നത്. കാഴ്ചയില്‍ പത്ത് വയസ് തോന്നിക്കുന്ന ഒരു ആണ്‍കുട്ടി നായയ്‌ക്കൊപ്പം കടത്തിണ്ണയില്‍ കിടന്നുറങ്ങുന്നതാണ് ആ ചിത്രം. അങ്കിത് എന്നാണ് അവന്റെ പേര്. അവന്റെ അമ്മ അവനെ ഉപേക്ഷിച്ചു പോയതാണ്. അച്ഛന്‍ ജയിലിലുമാണ്. ഇതോടെയാണ് അവന് തെരുവില്‍ അഭയം തേടേണ്ടി വന്നത്. 

ഡാനി എന്ന നായയാണ് ജീവിതത്തില്‍ ഇപ്പോള്‍ അവനുള്ള കൂട്ട്. പകല്‍ സമയങ്ങളില്‍ കടകളിലും മറ്റും ജോലി ചെയ്താണ് അങ്കിത് ഭക്ഷണം വാങ്ങിക്കാനുള്ള തുക കണ്ടെത്തുന്നത്. കിട്ടുന്ന തുകയ്ക്ക് ഭക്ഷണം വാങ്ങി ഡാനിയും അങ്കിതും കൂടി കഴിക്കും. രാത്രി  ഒരേ പുതപ്പിനുള്ളില്‍ കടത്തിണ്ണയിലാണ് ഉറക്കം. 

വര്‍ഷങ്ങളായി അങ്കിത് ഇത്തരത്തിലാണ് ജീവിക്കുന്നതെങ്കിലും കഴിഞ്ഞ ദിവസം ഒരു പ്രദേശിക ഫോട്ടോഗ്രാഫറാണ് ഇതിന്റെ ചിത്രം പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. ചിത്രം വൈറലായതോടെ അധികാരികള്‍ വിഷയത്തില്‍ ഇടപെട്ടു. പൊലീസ് സംരക്ഷണത്തിലാണ് അങ്കിത് ഇപ്പോള്‍ കഴിയുന്നത്. അവന്റെ മാതാപിതാക്കളെയോ ബന്ധുക്കളെയോ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

Related News