കുവൈറ്റിൽ 9 ദിവസത്തിനിടെ കൊവിഡ് വാക്സിന് രജിസ്റ്റർ‌‍ ചെയ്തത് 44,000ത്തിൽ അധികം പേർ

  • 19/12/2020

കുവൈറ്റിൽ കൊവിഡ് വാക്സിൻ സ്വീകരിക്കാൻ ഇതുവരെ രജിസ്റ്റർ ചെയ്തത്  44,000ത്തിൽ അധികം പേരെന്ന് റിപ്പോർട്ട്. വാക്സിൻ വിതരണത്തിന് രജിസ്റ്റർ ചെയ്യാൻ സർക്കാർ  വെബ്സൈറ്റ് ആരംഭിച്ചത് മുതൽ ഒമ്പത് ദിവസത്തിനിടെയുളള കണക്കുകൾ പ്രകാരമാണ് ഇത്രയും പേർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.   ജാബർ ആശുപത്രിയിലെ കൊവിഡ്  വാക്സിൻ കമ്മിറ്റി തലവൻ ഡോ. മുന്റി അൽ ഹസവിയാണ് ഇക്കാര്യം അറിയിച്ചത്.
നേരത്തെ രജിസ്ട്രേഷൻ ചെയ്താലും നേരത്തെ വാക്സിനേഷൻ ലഭിക്കണമെന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.  പൊതുജനങ്ങളുടെ മുൻ‌ഗണനാ വിഭാഗങ്ങളും വാക്സിനുകളുടെ ആവശ്യമായ അളവും വിതരണവും തിരിച്ചറിയാൻ സഹായിക്കുന്ന വിവരങ്ങൾ  മാത്രമേ ഇത് ആരോഗ്യ മന്ത്രാലയത്തിന് നൽകൂവെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് പ്രസ്താവനയിലൂടെ വ്യക്തമാക്കി. 

 ഫൈസർ ബയോൺ‌ടെക് കൊവിഡ് വാക്സിൻ അടിയന്തരമായി ഉപയോഗിക്കുന്നതിന് ഈ ആഴ്ച ആദ്യത്തിൽ ആരോഗ്യ മന്ത്രാലയം അംഗീകാരം നൽകിയിരുന്നു.  ഡിസംബർ അവസാനത്തോടെ വാക്സിൻ എത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു. കൊവിഡ് മുന്നണിപ്പോരാളികൾക്കും, പ്രായമായവർക്കും, വിട്ടുമാറാത്ത രോഗങ്ങൾ ബാധിച്ചവർക്കും മുൻ‌ഗണന നൽകിക്കൊണ്ട് പ്രതിദിനം പതിനായിരത്തോളം പേർക്ക് കുത്തിവയ്പ്പ് നൽകുമെന്ന് കൊവിഡ് വാക്സിനേഷൻ കമ്മിറ്റി അംഗം ഡോ. ​​ഖാലിദ് അൽ സയീദ് പറഞ്ഞു.

Related News