ട്രാൻസിറ്റ് രാജ്യങ്ങളിൽ കഴിയുന്ന പ്രവാസികൾ പ്രതിസന്ധിയിൽ; കുവൈറ്റിലേക്ക് ഉടനെ മടങ്ങാനാകില്ലെന്ന് അധികൃതർ

  • 22/12/2020

കുവൈറ്റിലേക്ക് തിരിച്ചുവരാൻ ആഗ്രഹിക്കുന്ന ട്രാൻസിറ്റ്  രാജ്യങ്ങളിൽ നിലവിൽ ക്വാറന്റൈനിൽ  കഴിയുന്ന പ്രവാസികൾക്ക് ഉടനെ രാജ്യത്തേക്ക് മടങ്ങി വരാനാകില്ലെന്ന് അധികൃതർ അറിയിച്ചു.  ബ്രിട്ടനിൽ ജനിതകമാറ്റമുള്ള പുതിയ വൈറസ് കണ്ടെത്തിയതിന്  പിന്നാലെ   കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം 10 ദിവസത്തേക്ക് അടച്ചിട്ടിരുന്നു. ഈ പശ്ചാത്തലത്തിൽ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവള പ്രവർത്തനങ്ങൾ പുനരാരംഭിച്ചതിനുശേഷം മാത്രമേ പ്രവാസികൾക്ക് കുവൈറ്റിലേക്ക് തിരിച്ചുവരാൻ സാധിക്കുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു. നിലവിൽ അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്ന് കുവൈറ്റിലേക്ക് പ്രവാസികൾ നേരിട്ട് വരുന്നത് നിരോധിച്ചിട്ടുണ്ട്. കൊവിഡ് ബാധിച്ച പ്രവാസികൾ കുവൈറ്റിലേക്ക് തിരിച്ചെത്തിയാൽ രാജ്യത്ത് വീണ്ടും വൈറസ് വ്യാപനം ഉണ്ടാകുമോയെന്ന ഭീതിയിലാണ് അധികൃതർ പ്രവാസികളോട് ട്രാൻസിറ്റ് രാജ്യങ്ങളിൽ 14 ദിവസത്തെ ക്വാറന്റൈൻ  പൂർത്തിയാക്കിയതിന്  ശേഷം കുവൈറ്റിലേക്ക് മടങ്ങിയെത്തിയാൽ മതിയെന്ന നിർദ്ദേശം നൽകിയത്. 

അതുകൊണ്ടുതന്നെ എല്ലാ പ്രവാസികളും അബുദാബി പോലെയുള്ള ട്രാൻസിറ്റ്  രാജ്യങ്ങളിൽ 14 ദിവസത്തെ ക്വാറന്റൈൻ കാലയളവ് പൂർത്തിയാക്കിയതിന്  ശേഷമാണ് കുവൈറ്റിൽ തിരിച്ചെത്തുന്നത്. എന്നാൽ കുവൈറ്റിൽ അന്താരാഷ്ട്ര വിമാനത്താവള പ്രവർത്തനം താൽക്കാലികമായി നിർത്തി വെച്ചതോടെ നിരവധി പ്രവാസികളാണ് പ്രതിസന്ധിയിലായത്. ട്രാൻസിറ്റ്  രാജ്യങ്ങളിൽ ക്വാറന്റൈൻ  കാലയളവ് അവസാനിക്കാനിരിക്കുന്ന  പ്രവാസികൾക്കിത് കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.  ഇത്തരക്കാർക്ക് ഭക്ഷണത്തിനും താമസത്തിനും ഉൾപ്പെടെ സാമ്പത്തിക പ്രതിസന്ധി ഉണ്ടായേക്കാമെന്നും  അധികൃതർ വ്യക്തമാക്കുന്നു. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം ഉടനെ പുനരാരംഭിച്ചില്ലെങ്കിൽ ഇവർ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങി പോകേണ്ട അവസ്ഥ ഉണ്ടാകാനും സാധ്യതയുണ്ട്. അതേസമയം കുവൈറ്റ് വിമാനത്താവളം 10 ദിവസത്തിന് ശേഷം പ്രവർത്തനം പുനരാരംഭിക്കുകയാണെങ്കിൽ ഈ പ്രവാസികൾക്ക് കുവൈറ്റിലേക്ക് മടങ്ങിയെത്താൻ സാധിക്കും. എന്നാൽ കോവിഡ്  വൈറസ് വ്യാപനം കൃത്യമായി നിരീക്ഷിച്ചതിനുശേഷം മാത്രമേ ഭരണകൂടവും സിവിൽ ഏവിയേഷനും  അന്തിമ തീരുമാനം എടുക്കുകയുള്ളൂ

Related News