കുവൈറ്റിൽ കൊവിഡിനെ പ്രതിരോധിക്കാൻ മാർ​ഗ്ഗ നിർദ്ദേശങ്ങളുമായി മന്ത്രിസഭ

  • 13/10/2020

കുവൈറ്റ് സിറ്റി; രാജ്യത്തിന്റെ പുതിയ കിരീടവകാശി ശൈഖ് മിഷാല്‍ അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ സബയെ പ്രധാനമന്ത്രി ശൈഖ് സബ ഖാലിദ് അല്‍ ഹമദ് അല്‍ സബയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം അഭിനന്ദിച്ചു. മന്ത്രിസഭാ യോ​ഗത്തിൽ  ആരോ​ഗ്യമന്ത്രി ഡോക്ടർ ബാസിൽ അൽ സബ രാജ്യത്തെ കൊവിഡ് വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട കണക്കുകൾ അവതരിപ്പിച്ചു. ആരോ​ഗ്യമന്ത്രാലയം സ്വീകരിക്കുന്ന നടപടികളെ കുറിച്ചും, രാജ്യത്തെ മരണ നിരക്കും, ചികിത്സ രീതികളെ കുറിച്ചും ആരോ​ഗ്യമന്ത്രി വിശദീകരിച്ചു.  കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ സ്വദേശികളും, വിദേശികളും കർശനമായി കൊവിഡ് മാർ​ഗ്ഗ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അഭ്യർത്ഥിച്ചു. 

കൊവിഡിനെ പ്രതിരോധിക്കാൻ മന്ത്രിസഭയെടുത്ത പ്രധാന തീരുമാനങ്ങൾ :

കൊവിഡ് വൈറസ് വ്യാപനത്തെ കുറിച്ച് അവബോധം വ്യാപിപ്പിക്കുന്നതിനും 
ആരോഗ്യ ആവശ്യകതകളെക്കുറിച്ചുള്ള  അച്ചടക്ക നടപടികൾ ശക്തിപ്പെടുത്തുന്നതിനും മാധ്യമങ്ങൾ വഴി മാർഗ്ഗനിർദ്ദേശങ്ങളും പൊതുജനങ്ങളിലേക്കെത്തിക്കുവാൻ വിവര മന്ത്രാലയത്തെ ചുമതലപ്പെടുത്തി.

കൊവിഡ് മാർ​ഗ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെയും, മാസ്ക് ധരിക്കാത്തവർക്കെതിരെയും അടിയന്തര പിഴ ചുമത്താൻ മന്ത്രിസഭ കരട് നിയമം സമർപ്പിച്ചു.  കൊവിഡ് മാർ​ഗ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ 50 മുതൽ 100 ദിനാർ വരെ അടിയന്തര പിഴ ഈടാക്കുമെന്ന് കൊവിഡ് പ്രതിരോധ  ആരോ​​ഗ്യ കമ്മിറ്റി മുന്നറിയിപ്പ് നൽകി.

ആൾക്കൂട്ടം നിയന്ത്രിക്കാനായി  മാളുകൾ, കഫേകൾ, റെസ്റ്റോറന്റുകൾ, ഹെൽത്ത് ക്ലബ്ബുകൾ  സന്ദർശിക്കുന്നതിന്  മുൻകൂട്ടി അപ്പോയ്ൻമെന്റ് വേണമെന്ന ശുപാർശയ്ക്കും മന്ത്രിസഭ കൗൺസിൽ അംഗീകാരം നൽകി.

കൊവിഡ് വ്യാപന പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമായി റെസിഡൻഷ്യൽ ഏരിയകളിലും ചാലറ്റുകളിലും ക്യാമ്പുകളും താൽക്കാലിക ടെന്റുകളും  സ്ഥാപിക്കുന്നതും നിരോധിച്ചു.

Related News