സൂക്ഷിക്കുക....! കൊവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്നവർക്കെതിരെ കർശന നിരീക്ഷണം ആരംഭിച്ചതായി ആഭ്യന്തരമന്ത്രാലയം

  • 13/10/2020

കുവൈറ്റ് സിറ്റി; രാജ്യത്ത് കൊവിഡ് വൈറസ് വ്യാപന പശ്ചാത്തലത്തിൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്നവരെ കണ്ടെത്താനായി കർശന നിരീക്ഷണം ആരംഭിച്ചതായി ആഭ്യന്തരമാന്ത്രാലയം അറിയിച്ചു. രാജ്യത്ത് കൊവിഡ് വൈറസ് വ്യാപന പശ്ചാത്തലം സൃഷ്ടിക്കുന്ന നിയമ ലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിന്റെ ഭാ​ഗമായാണിത്. പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തുന്ന മാസ്ക് ധരിക്കാത്തവർക്കെതിരെയും, സാമൂഹിക അകലം പാലിക്കാത്തവർക്കെതിരെയും കർശന നിരീക്ഷണം ഏർപ്പെടുത്തിയതായി പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. 

എല്ലാവരുടേയും സുരക്ഷയ്ക്കായി നിയമങ്ങളും നിർദ്ദേശങ്ങളും നടപടിക്രമങ്ങളും ഒരുപോലെ   സ്വദേശികളും വിദേശികളും പാലിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടു.  മന്ത്രിസഭ പുറപ്പെടുവിച്ച തീരുമാനങ്ങളും ആരോഗ്യ അധികൃതരുടെ നിർദേശങ്ങളും ലംഘിച്ച് നിരവധി സ്ഥലങ്ങളിൽ ജനക്കൂട്ടമുണ്ടാതായി സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും   മന്ത്രാലയം അറിയിച്ചു. ഇതിനു പുറമെ അഹ്മദി ഗവർണറേറ്റിലും, സബ അൽ അഹ്മദി ഏരിയയിലും കൊവിഡ് മാർ​ഗ്ഗ  നിർദ്ദേശങ്ങൾ ലംഘിച്ച് വിവാഹ സൽക്കാര പാർട്ടികൾ സംഘടിപ്പിച്ചവരെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചതായും പൊതു സുരക്ഷാ കാര്യ ആഭ്യന്തര മന്ത്രാലയ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ഫറാജ് അൽ സൗബി വ്യക്തമാക്കി. 

അതേസമയം, വൈറസ്‌ വ്യാപനം പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യ പ്രതിരോധ  ഉന്നത സമിതിയിൽ ആഭ്യന്തര മന്ത്രാലയം മുൻ അസിസ്റ്റന്റ്‌  അണ്ടർ സെക്രട്ടറിയും ആഭ്യന്തര മന്ത്രിയുടെ ഉപദേഷ്ടാവുമായ ലഫ്റ്റനറ്റ്‌ ജനറൽ അബ്ദുൽ ഫത്താഹ്‌ അലിയെ ഉൾപ്പെടുത്തും.  മന്ത്രി സഭാ യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. അബ്ദുൽ ഫത്താഹ്‌ അലിയുടെ നേതൃത്വത്തിൽ നിയമലംഘകർക്കെതിരെ കർശന  നടപടികൾ സ്വീകരിക്കാൻ കഴിയുമെന്നാണ് മന്ത്രി സഭാ യോഗത്തിന്റെ വിലയിരുത്തൽ.   നേരത്തെ ഗതാഗത നിയമ ലംഘനം നടത്തുന്നവർക്കെതിരെ അബ്ദുൽ ഫത്താഹ്‌ അലി നടപ്പിലാക്കിയ നടപടികൾ രാജ്യത്ത്‌ ഏറെ ശ്രദ്ധേയമായിരുന്നു. 

Related News