കര അതിർത്തി മേഖലയിലൂടെ കുവൈറ്റിലേക്ക് ആളുകളെ പ്രവേശിക്കരുതെന്ന് സൗദിക്ക് നിർദ്ദേശം

  • 23/12/2020


കുവൈറ്റ് സിറ്റി;  സാൽമിയ, നുവൈസിബ് എന്നീ അതിർത്തികളിലൂടെ കുവൈറ്റിലേക്ക് ആളുകളെ കടത്തിവിടുന്നതിനെതിരെ സൗദി അറേബ്യക്ക്  പ്രത്യേക നിർദ്ദേശം നൽകി കുവൈറ്റ് ഭരണകൂട അധികൃതർ. കഴിഞ്ഞ ദിവസങ്ങളിൽ 550 ഓളം കുവൈറ്റ് സ്വദേശികൾ ഈ അതിർത്തികളിലൂടെ രാജ്യത്തേക്ക് കടന്നുവെന്ന റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം സൗദി അറേബ്യൻ ഭരണകൂടത്തിന് പ്രത്യേക നിർദ്ദേശം നൽകിയത്. ബ്രിട്ടനിൽ ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് കുവൈറ്റിൽ നിയന്ത്രണങ്ങൾ കർശനമാക്കിയത്. കര, വ്യോമായന അതിർത്തികൾ  കുവൈറ്റ് പൂർണ്ണമായും അടച്ചിരുന്നു. എന്നാൽ ഇന്നലെ ദുബായ്, അബുദാബി, ദോഹ, ബെയ്റൂത്ത് തുടങ്ങി ഇടനില രാജ്യങ്ങളിൽ കുടുങ്ങിക്കിടന്നവരെ രണ്ട് വിമാനങ്ങളിലായി രാജ്യത്തേക്ക് തിരിച്ചെത്തിയിരുന്നു. മൂന്ന് എമർജൻസി വിമാനങ്ങൾ ആദ്യം അനുവദിച്ചെങ്കിലും ഒരു വിമാനം പിന്നീട് റദ്ദാക്കിയതായി അധികൃതർ വ്യക്തമാക്കി. അതേസമയം ജനുവരി 1 വരെ അന്താരാഷ്ട്രവിമാനത്താവളം പ്രവർത്തിക്കില്ലെന്നും മന്ത്രിസഭയുടെ പുതിയ തീരുമാനം നടപ്പിൽ വരുന്നതുവരെ ഈ നടപടി പ്രാബല്യത്തിൽ ഉണ്ടെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം 300ൽ അധികം യാത്രക്കാർ ദുബായിൽ  കുടുങ്ങിക്കിടക്കുന്നുവെന്നാണ് റിപ്പോർട്ട്. ഇവരിൽ 130 പേർ സ്വദേശികളാണ്. യുഎഇ യിൽ പഠിക്കുന്ന കുവൈറ്റി വിദ്യാർഥികളാണ് ഇതിൽ ഭൂരിഭാഗവും. കുവൈത്ത് അന്താരാഷ്ട്ര വിമാനങ്ങൾ റദ്ദാക്കിയതിനുപിന്നാലെ രണ്ടുദിവസമായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പരിസരത്ത് നിരവധി കുവൈറ്റി വിദ്യാർത്ഥികളും കുടുംബങ്ങളുമാണ് വിമാന സർവീസ് പുനരാരംഭിക്കുന്നതിനുമായി കാത്തിരിക്കുന്നതും അധികൃതർ അറിയിച്ചു.

Related News