കുവൈറ്റിൽ സീസണൽ പകർച്ചവ്യാധികൾ പ്രതിരോധിക്കാൻ ശൈത്യകാല വാക്സിനേഷൻ ക്യാമ്പൈയിൻ

  • 13/10/2020


കുവൈറ്റ് സിറ്റി;   രാജ്യത്ത്  സീസണൽ പകർച്ചവ്യാധികൾ പ്രതിരോധിക്കുന്നതിന്റെ ഭാ​ഗമായി  ശൈത്യകാല വാക്സിനേഷൻ ക്യാമ്പൈയിൻ ആരംഭിക്കുന്നു.  സീസണൽ ഇൻഫ്ലുവൻസ, ബാക്ടീരിയ ന്യൂമോണിയ എന്നിവ ഉൾപ്പെടുന്ന പകർച്ചവ്യാധി ശ്വസന രോഗങ്ങൾക്കെതിരെ ആരോഗ്യ മന്ത്രാലയം ഉടൻ ശീതകാല വാക്സിനേഷൻ കാമ്പൈയിൻ ആരംഭിക്കുമെന്നാണ് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നത്. 

 ഡിസംബർ അവസാനം വരെ   ശൈത്യകാല  വാക്സിനേഷൻ ക്യാമ്പൈയിൻ തുടരുമെന്നും അധികൃതർ അറിയിച്ചു.  ശൈത്യകാല പകർച്ചവ്യാധി രോഗങ്ങളും, മരണങ്ങളും, തടയുന്നതിന്റെ ഭാ​ഗമായാണ് ക്യാമ്പൈയിൻ ആരംഭിക്കുന്നത്.  കൊവിഡ് -19 വൈറസ് വ്യാപന പശ്ചാത്തലത്തിൽ ഈ വർഷം സീസണൽ ഇൻഫ്ലുവൻസയ്ക്കും ബാക്ടീരിയ ന്യൂമോണിയയ്ക്കും വാക്സിനേഷൻ ലഭിക്കേണ്ടതിന്റെ പ്രാധാന്യവും അധികൃതർ വ്യക്തമാക്കുന്നു.

രോഗപ്രതിരോധ ശേഷി ദുർബലമായവർക്ക് പകർച്ചവ്യാധി രോ​ഗങ്ങൾ പിടിപെട്ടാൽ കൊവിഡ് -19 അണുബാധയ്ക്കുളള കൂടുതൽ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. 
അത് കൊണ്ടുതന്നെ എല്ലാ വിഭാഗങ്ങളെയും പ്രായപരിധിയിലെയും ആളുകൾക്ക് വാക്സിനേഷൻ ലഭ്യമാക്കുന്ന ക്യാമ്പൈയ്നാണ് ലക്ഷ്യമിടുന്നതെന്നും വൃത്തങ്ങൾ അറിയിച്ചു.  പ്രമേഹം, ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം, ദുർബലമായ രോഗപ്രതിരോധ ശേഷി, ഗർഭിണികൾ, വൃക്ക തകരാറുള്ള രോഗികൾ, എന്നിവ പോലുള്ള വിട്ടുമാറാത്ത സാംക്രമിക രോഗങ്ങളുളളവർക്ക് ക്യാമ്പൈയിനിൽ  മുൻ​ഗണ നൽകുമെന്നും അധികൃതർ പറയുന്നു.

Related News