കൊവിഡ് വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ചവർ കുവൈറ്റിന് പുറത്ത് പോകരുതെന്ന് നിർദ്ദേശം

  • 24/12/2020



കുവൈത്ത്‌ സിറ്റി : കൊവിഡ് വാക്സിൻ സ്വീകരിക്കുന്നവർക്ക് പ്രത്യേക നിർദ്ദേശവുമായി ആരോഗ്യ മന്ത്രാലയ അധികൃതർ. കോവിഡ് വാക്സിനേഷൻ വിതരണം ഇന്ന് ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് പ്രത്യേക നിർദ്ദേശവുമായി ആരോഗ്യ മന്ത്രാലയം അധികൃതർ രംഗത്തെത്തിയിരിക്കുന്നത്. കോവിഡ് പ്രതിരോധ വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ചവർ രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാൻ പാടില്ലെന്ന് അധികൃതർ അറിയിച്ചു. ആദ്യ ഡോസ് സ്വീകരിച്ചവർ രണ്ടാമത്തെ ഡോസ് സ്വീകരിക്കുന്നതുവരെ രാജ്യത്തിനകത്ത് തന്നെ ഉണ്ടായിരിക്കണമെന്നും അധികൃതർ നൽകിയ നിർദേശത്തിൽ വ്യക്തമാക്കുന്നു. ആദ്യ ഡോസ്‌ സ്വീകരിച്ച്‌  നാലു മുതൽ ആറു ആഴ്ചകൾക്കിടയിൽ രണ്ടാമത്തെ കുത്തിവെപ്പ് നടത്തണമെന്നും അധികൃതർ വ്യക്തമാക്കി. ഈ കാലയളവിൽ രണ്ടാമത്തെ ഡോസ്‌ പൂർത്തിയാക്കാത്തവർക്ക്‌ രാജ്യത്തിന് പുറത്തേക്കുള്ള യാത്രക്ക്‌ വിലക്ക്‌ ഏർപ്പെടുത്തണമെന്നാണ് ആരോഗ്യമന്ത്രാലയം അധികൃതർ വ്യക്തമാക്കുന്നത്. ഇന്നലെയാണ് രാജ്യത്ത് കൊവിഡ് വാക്സിന്റെ ആദ്യ ബാച്ച് എത്തിച്ചേർന്നത്. ഇന്നുമുതൽ രാജ്യത്തെ കോവിഡ് വാക്സിൻ വിതരണം ആരംഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രി, ആരോഗ്യ മന്ത്രി, ഉപപ്രധാനമന്ത്രി എന്നിവരുടെ സന്നദ്ധതയിലാണ് വാക്സിൻ വിതരണം ആരംഭിക്കുന്നത്. കോവിഡ് മുന്നണിപ്പോരാളികൾ, 60 വയസ്സിന് മുകളിലുള്ളവർ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, സുരക്ഷാ ഉദ്യോഗസ്ഥർ തുടങ്ങി പ്രത്യേക വിഭാഗങ്ങളിൽ ഉൾപ്പെട്ടവർക്കാണ് ആദ്യ പരിഗണന നൽകുക. തുടർന്ന് രാജ്യത്തേക്ക് കൂടുതൽ വാക്സിൻ എത്തിക്കുകയും രാജ്യത്തുള്ള പ്രവാസികൾക്ക് അടക്കം എല്ലാവർക്കും വാക്സിൻ വിതരണം ചെയ്യുമെന്നും ആരോഗ്യ മന്ത്രാലയം അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. സൗജന്യമായാണ് വാക്സിൻ വിതരണം നടക്കുന്നത്. ഏകദേശം 6 വാക്സിനേഷൻ കേന്ദ്രങ്ങൾ കുവൈറ്റിൽ സജ്ജീകരിച്ചിട്ടുണ്ട്. കുവൈത്ത് ഇന്റർനാഷണൽ ഫെയർ ഗ്രൗണ്ട്, അൽ ഹമദി,  അൽ ജഹ്റ എന്നീ ഗവർണറേറ്റുകളിലാണ് വാക്സിനേഷൻ കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുളളത്. 

Related News