കുവൈറ്റിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു; ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുമായി ആഭ്യന്തരമന്ത്രാലയം

  • 27/12/2020



 കുവൈറ്റിൽ ഐഎസ് ബന്ധമുള്ള ആറ് കുട്ടികൾ അറസ്റ്റിലായതിന് പിന്നാലെ  തീവ്രവാദ സംഘടനയുമായി ബന്ധപ്പെട്ട് കൂടുതൽ ചുരുളുകൾ അഴിയുന്നു. ഏറ്റവും അവസാനത്തെ റിപ്പോർട്ട് പ്രകാരം തീവ്രവാദ ബന്ധം സ്ഥാപിക്കുന്ന പ്രായപൂർത്തിയാകാത്ത മൂന്നു കുട്ടികളെ ആഭ്യന്തരമന്ത്രാലയം അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. അറസ്റ്റിലായ മൂന്ന് പേരിൽ രണ്ടുപേരും പ്രായപൂർത്തിയാകാത്തവരാണ്. ഇവരുടെ വീടുകളിൽ അധികൃതർ നടത്തിയ പരിശോധനയിൽ  തോക്ക് ഉൾപ്പെടെ മാരകായുധങ്ങൾ കണ്ടെത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. സാമൂഹ്യ മാധ്യമം വഴി തീവ്രവാദ ബന്ധമുള്ള ആളുകളോട് ബന്ധം പുലർത്തിയാണ് ഇവരും തീവ്രവാദ ആശയത്തെ പിന്തുണക്കാൻ തയ്യാറാക്കുന്നതെന്നും  അധികൃതർ വ്യക്തമാക്കുന്നു. ഇത്തരം ഭീകര സംഘവുമായി ബന്ധമുള്ള ഒരാളെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ ആദ്യം അറസ്റ്റ് ചെയ്തത്. പിന്നീട്  അറസ്റ്റിലായ പ്രതിയെ ചോദ്യം ചെയ്തതിന് പിന്നാലെ മറ്റുള്ള രണ്ടുപേരെ കുറിച്ചുള്ള വിവരം അധികൃതർക്ക് ലഭിക്കുകയായിരുന്നു. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മറ്റ് രണ്ട് പേരും അറസ്റ്റിലാകുന്നത്. നേരത്തെ ദേശീയ സുരക്ഷാ ഉദ്യോഗസ്ഥർ ഐഎസ് ബന്ധം പുലർത്തിയ ആറ് കുട്ടികളെ അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ വീടുകളിൽ നിന്ന് മാരകായുധങ്ങളും ഐഎസ് ചിഹ്നങ്ങളും പതാകയും കണ്ടെത്തിയിരുന്നു. തീവ്രവാദ ഭീകരവാദ ആശയങ്ങളിൽ കുട്ടികൾ അകപ്പെടുന്നത് കുവൈറ്റിൽ വർധിച്ചുവരുന്നുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഇതിനെതിരെ മാതാപിതാക്കളും സമൂഹവും ഒന്നിച്ച് എതിർക്കണമെന്നും,  തീവ്രവാദ, ഭീകരവാദ പ്രവർത്തനങ്ങളിൽ കുട്ടികൾ അകപ്പെടുന്നുണ്ടോ എന്നത് സംബന്ധിച്ച് മാതാപിതാക്കളും സമൂഹവും ഒന്നിച്ച് ജാഗരൂകരായിരിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

Related News