കുവൈറ്റിലെ കുട്ടികളിൽ ഐഎസ് ബന്ധം സ്ഥാപിക്കുന്നതിൽ മുഖ്യസൂത്രധാരൻ ഇറാഖി

  • 27/12/2020


 കുവൈറ്റിൽ ഐഎസ് ബന്ധത്തിൽ ആറ് സ്വദേശി കുട്ടികൾ അകപ്പെട്ടതോടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി അഭ്യന്തര മന്ത്രാലയം. കുവൈറ്റിൽ കുട്ടികളിൽ ഐഎസ് ബന്ധം സ്ഥാപിക്കുന്നതിൽ മുഖ്യപ്രതിയായ നാഷണല്‍ അസംബ്ലിയിലെ മുന്‍ അംഗത്തിന്റെ മകനുമായി  ആദ്യമായി ഐഎസ് ബന്ധം സ്ഥാപിച്ചത് ഒരു ഇറാഖി ഐഎസ്സുകാരൻ വഴിയാണെന്ന്    ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഇറാഖി പൗരനായ ഒരു ഐഎസ്സുകാരൻ ഓൺലൈൻ ഗെയിമിങ്ങിലൂടെ നാഷണൽ അസംബ്ലിയിലെ മുൻ അംഗത്തിന്റെ  മകനുമായി സൗഹൃദ ബന്ധം സ്ഥാപിക്കുകയും പിന്നീട് ഐഎസ് തീവ്ര ആശയങ്ങൾ പകർന്നു നൽകുകയും ചെയ്തതായി അധികൃതർ വ്യക്തമാക്കുന്നു. മുഖ്യസൂത്രധാരൻ ആണെന്ന് കരുതുന്ന ഇറാഖി  പൗരനാണ് ഐഎസിന്റെ പതാക വരക്കാൻ കുട്ടിയോട് നിർദേശിച്ചതെന്നും  അധികൃതർ വ്യക്തമാക്കുന്നു. പല കാര്യങ്ങൾക്കും പണം നൽകി ഈ ഇറാഖി ഐഎസ്സുകാരൻ കുട്ടിയെ സ്വാധീനിച്ചിരുന്നതായും, രണ്ടു മാസം മുമ്പേ കുവൈറ്റിലെ ഈ കുട്ടിയുമായി ഇറാഖി ഐഎസ്സുകാരൻ ബന്ധം സ്ഥാപിച്ചതായും അധികൃതർ കണ്ടെത്തി. ഇറാഖ്  ഭരണകൂടം തിരയുന്ന തീവ്രവാദിയാണ് കുവൈറ്റിലെ കുട്ടികളുമായി ബന്ധം സ്ഥാപിച്ച വ്യക്തി എന്നും അധികൃതർ വ്യക്തമാക്കുന്നു.  മണി എക്സ്ചേഞ്ച് വഴിയാണ് കുവൈറ്റിലെ കുട്ടികൾക്ക് ഇദ്ദേഹം പണം അയച്ച് നൽകിയതെന്നും അധികൃതർ കണ്ടെത്തി. ബോംബാക്രമണത്തിന് സ്ഫോടകവസ്തുക്കൾ വാങ്ങാൻ കുവൈറ്റിലെ കുട്ടികൾക്ക് ഇദ്ദേഹം പണം അയച്ചു നൽകിയതായും അധികൃതർ പറയുന്നു. ഐഎസിന്റെ ഒരു ഗ്രൂപ്പ് കുവൈറ്റിൽ സ്ഥാപിക്കാനും നാഷണൽ അസംബ്ലിയിലെ മുൻ സംഘത്തിന്റെ മകനോട് ഇറാഖി  ഐഎസ്സുകാരൻ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് മറ്റുള്ള കുട്ടികളെയും ഐഎസ് ബന്ധം സ്ഥാപിക്കാൻ നാഷണൽ അസംബ്ലിയിലെ മുൻ അംഗത്തിന്റെ  മകൻ മുൻകൈയെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ഇതിന്റെ പിറകിൽ മറ്റു കണ്ണികൾ ഉണ്ടോ എന്ന്  അധികൃതർ പരിശോധിക്കുകയാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Related News