കുവൈറ്റിൽ റെസിഡൻസി നിയമലംഘകരെ പിടികൂടാൻ അടുത്തമാസം മുതൽ വ്യാപക പരിശോധന

  • 28/12/2020


 കുവൈറ്റ് സിറ്റി: 2020 ജ​നു​വ​രി​ക്ക്​ മു​മ്പ്​ റെസിഡൻസ് കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​ർ​ക്ക്  പിഴ  അടച്ച് സ്റ്റാറ്റസ് ഭേദഗതി ചെയ്യാനുള്ള സമയം ഈ മാസം അവസാനത്തോടെ കഴിയുമെന്ന മുന്നറിയിപ്പുമായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ. ഇതുവരെ സ്റ്റാറ്റസ് ഭേദഗതി ചെയ്യാത്തവർ എത്രയും പെട്ടെന്ന് റസിഡൻസ് പുതുക്കണമെന്നും അധികൃതർ നിർദേശിച്ചു. ഡിസംബർ 1 മുതൽ 31 വരെ റസിഡൻസ് സ്റ്റാറ്റസ് ഭേദഗതി ചെയ്യാൻ അധികൃതർ അവസരം നൽകിയിട്ടുണ്ടെങ്കിലും ഭൂരിഭാഗം പേരും സ്റ്റാറ്റസ് ഭേദഗതി ചെയ്യാൻ തയ്യാറായിട്ടില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഇനി റസിഡൻസ് സ്റ്റാറ്റസ് ഭേദഗതി ചെയ്യാത്ത രാജ്യത്ത് അനധികൃതമായി താമസിക്കുന്നവരെ പിടികൂടാൻ അടുത്ത മാസം മുതൽ വ്യാപക പരിശോധന നടത്തുമെന്നും പബ്ലിക് അതോറിറ്റി ഫോർ മാൻ പവർ മുന്നറിയിപ്പുനൽകുന്നു. നിയമം ലംഘിച്ച് ഇനിയും രാജ്യത്ത് താമസിക്കുന്ന വരെ കുവൈറ്റിലേക്ക്  മടങ്ങി വരാത്തക്ക വിധം നാടുകടത്തുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. അധികൃതർ സ്റ്റാറ്റസ് പുതുക്കാൻ ഒരു മാസത്തെ കാലാവധി നൽകിയിട്ടും പത്തായിരത്തിൽ താഴെ ആളുകൾ മാത്രമാണ് അപ്പോയ്ന്റ്മെന്റ്  എടുത്തതെന്നും അധികൃതർ വ്യക്തമാക്കുന്നു. ഏകദേശം ഒരു ലക്ഷത്തി എഴുപതിനായിരത്തിൽ അധികം പ്രവാസികൾ  റസിഡൻസ് പുതുക്കാതെ രാജ്യത്ത് അനധികൃതമായി കഴിയുന്നുണ്ടെന്നാണ് മാൻ പവർ അതോറിറ്റിയുടെ കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്.

Related News