കുവൈറ്റിൽ മടങ്ങിയെത്തിയ ആദ്യഘട്ട ഗാർഹിക തൊഴിലാളികൾ ക്വാറന്റൈൻ കാലയളവ് പൂർത്തിയാക്കി; ആർക്കും കോവിഡില്ല

  • 28/12/2020



കുവൈറ്റിൽ മടങ്ങിയെത്തിയ ഗാർഹിക തൊഴിലാളികളുടെ ആദ്യസംഘം ക്വാറന്റൈൻ കാലയളവ് പൂർത്തിയാക്കി. ഫിലിപ്പൈൻസിൽ നിന്നും മടങ്ങിയെത്തിയ ഗാർഹിക തൊഴിലാളികളുടെ ആദ്യസംഘം രാജ്യത്തെ ഒരു പ്രമുഖ ഹോട്ടലിലാണ് ക്വാറന്റൈൻ കാലയളവ് പൂർത്തിയാക്കിയത്.  ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശപ്രകാരമുള്ള അവസാന കൊവിഡ് പരിശോധനയും ഇവർ നടത്തി. എല്ലാവരുടെയും കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആണെന്നും അധികൃതർ അറിയിച്ചു. ഫിലിപ്പൈൻസിൽ  നിന്നും ഡിസംബർ 15ന് കുവൈറ്റിൽ മടങ്ങിയെത്തിയ ആദ്യഘട്ട ​ഗാർഹിക തൊഴിലാളികളാണ് ഇപ്പോൾ ക്വാറന്റൈൻ കാലയളവ് പൂർത്തിയാക്കിയിട്ടുള്ളത്. നേരത്തെ ഫിലിപ്പൈൻസിൽ നിന്നും ഇന്ത്യയിൽ നിന്നും കൂടുതൽ ഗാർഹിക തൊഴിലാളികളെ മടക്കിക്കൊണ്ടുവരാൻ അധികൃതർ തീരുമാനിച്ചെങ്കിലും ജനിതകമാറ്റമുള്ള പുതിയ കൊവിഡ് വൈറസ് ബ്രിട്ടണിലും മറ്റു യൂറോപ്യൻ രാജ്യങ്ങളിലും വ്യാപിച്ചതോടെ അന്താരാഷ്ട്ര വിമാന സർവീസുകൾ കുവൈറ്റ് താൽക്കാലികമായി റദ്ദാക്കുകയായിരുന്നു. ഇതോടെ മറ്റുള്ള ഗാർഹിക തൊഴിലാളികളുടെ മടക്കം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഇവരുടെ മടക്കവുമായി ബന്ധപ്പെട്ടുള്ള വിമാന സർവീസുകൾക്ക് തീയതി നിശ്ചയിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചിരുന്നു.

Related News