കുവൈറ്റിലെ പ്രവാസികൾക്ക് ആശ്വസിക്കാം.. ഒരു മാസം കൂടി റസിഡൻസ് ഭേദഗതി ചെയ്യാനുള്ള അവസരം ലഭിച്ചേക്കും

  • 28/12/2020


കുവൈറ്റ് സിറ്റി: 2020 ജ​നു​വ​രി​ക്ക്​ മു​മ്പ്​ റെസിഡൻസ് കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​ർ​ക്ക്  പിഴ  അടച്ച് സ്റ്റാറ്റസ് ഭേദഗതി ചെയ്യാനുള്ള സമയം ഈ മാസം അവസാനത്തോടെ തീരാനിരിക്കെ ഒരു മാസം കൂടി നീട്ടി നൽകുമെന്ന് റിപ്പോർട്ട്.
 റസിഡൻസ് വിസ സ്റ്റാറ്റസ് ഭേദഗതി ചെയ്യാത്തവർക്ക് കൂടുതൽ സമയം ലഭിക്കുമെന്നും, ഒരു  മാസം കൂടി റസിഡൻസ് സ്റ്റാറ്റസ് ഭേദഗതി ചെയ്യാനുള്ള സമയം നീട്ടി നൽകാനുള്ള കാര്യം ആഭ്യന്തരമന്ത്രാലയം പരിഗണിക്കുന്നുണ്ടെന്നും  പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ ഡിസംബർ ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ റസിഡൻസ് കാലാവധി കഴിഞ്ഞ രാജ്യത്ത് അനധികൃതമായി താമസിക്കുന്ന പ്രവാസികൾക്ക് സ്റ്റാറ്റസ് ഭേദഗതി ചെയ്യാൻ അവസരം നൽകിയിരുന്നു. അതേസമയം ബ്രിട്ടനിലും മറ്റു യൂറോപ്യൻ രാജ്യങ്ങളിലും ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് ഭീതി നിലനിൽക്കെ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളവും അതിർത്തികളും താൽക്കാലികമായി അടച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് അനധികൃതമായി രാജ്യത്ത് താമസിക്കുന്നവർക്ക് സ്റ്റാറ്റസ് ഭേദഗതി ചെയ്യാൻ ഒരു മാസം കൂടി ഇളവ് അനുവദിക്കാൻ ആഭ്യന്തരമന്ത്രാലയം നീക്കം നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നും പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.
റസിഡൻസ് സ്റ്റാറ്റസ് ഭേദഗതി ചെയ്യാൻ അധികൃതർ അവസരം നൽകിയിട്ടുണ്ടെങ്കിലും ഭൂരിഭാഗം പേരും സ്റ്റാറ്റസ് ഭേദഗതി ചെയ്യാൻ തയ്യാറായിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. ഇനി റസിഡൻസ് സ്റ്റാറ്റസ് ഭേദഗതി ചെയ്യാത്ത രാജ്യത്ത് അനധികൃതമായി താമസിക്കുന്നവരെ പിടികൂടാൻ അടുത്ത മാസം മുതൽ വ്യാപക പരിശോധന നടത്തുമെന്നും പബ്ലിക് അതോറിറ്റി ഫോർ മാൻ പവർ മുന്നറിയിപ്പ് നൽകിയിരുന്നു. നിയമം ലംഘിച്ച് ഇനിയും രാജ്യത്ത് താമസിക്കുന്ന വരെ കുവൈറ്റിലേക്ക്  മടങ്ങി വരാത്തക്ക വിധം നാടുകടത്തുമെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു, സ്റ്റാറ്റസ് പുതുക്കാൻ ഒരു മാസത്തെ കാലാവധി നൽകിയിട്ടും പത്തായിരത്തിൽ താഴെ ആളുകൾ മാത്രമാണ് അപ്പോയ്ന്റ്മെന്റ്  എടുത്തതെന്നും  ഏകദേശം ഒരു ലക്ഷത്തി എഴുപതിനായിരത്തിൽ അധികം പ്രവാസികൾ  റസിഡൻസ് പുതുക്കാതെ രാജ്യത്ത് അനധികൃതമായി കഴിയുന്നുണ്ടെന്നാണ് മാൻ പവർ അതോറിറ്റിയുടെ കണക്കുകളിൽ വ്യക്തമാക്കിയിരുന്നു.

Related News