35 രാജ്യങ്ങളിൽ നിന്ന് കുവൈറ്റിലേക്ക് നേരിട്ടുള്ള പ്രവേശന വിലക്ക് തുടരും

  • 29/12/2020

കുവൈറ്റ് സിറ്റി: അപകടകരമായ രീതിയിൽ കൊവിഡ് വൈറസ് വ്യാപനം നിലനിൽക്കുന്ന ബ്രിട്ടൻ ഉൾപ്പെടെ 35 രാജ്യങ്ങളിൽ നിന്നും കുവൈറ്റിലേക്ക് നേരിട്ടുള്ള പ്രവേശന വിലക്ക് തുടരും. ജനിതക മാറ്റം സംഭവിച്ച പുതിയ കോവിഡ്  ബ്രിട്ടനിലും മറ്റു യൂറോപ്യൻ രാജ്യങ്ങളിലും വ്യാപിച്ചതിനെതുടർന്ന് കുവൈറ്റിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളും അതിർത്തികളും അടച്ചിരുന്നു. ഇതിനു പിന്നാലെ ഇന്നലെ അധികൃതർ കുവൈറ്റ് വിമാനത്താവളവും അതിർത്തികളും ജനുവരി രണ്ടിന് തുറക്കാൻ തീരുമാനിച്ചിരുന്നു. ഈ  പശ്ചാത്തലത്തിലാണ് 35 രാജ്യങ്ങളിൽ നിന്ന് കുവൈറ്റിലേക്ക് നേരിട്ടുള്ള പ്രവേശന വിലക്ക് തുടരുമെന്ന് അധികൃതർ അറിയിച്ചത്. അതേസമയം യുഎഇ പോലെയുള്ള ഇടനില രാജ്യങ്ങളിൽ 14 ദിവസത്തെ ക്വാറന്റൈൻ  കാലയളവ് പൂർത്തിയാക്കി കുവൈറ്റിലേക്ക് പ്രവേശിക്കാമെന്നും അധികൃതർ അറിയിച്ചു. നിലവിൽ ഗാർഹിക തൊഴിലാളികൾക്ക് മാത്രമാണ് കുവൈറ്റിലേക്ക് നേരിട്ടുള്ള പ്രവേശനാനുമതി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നൽകിയിരുന്നത്. എന്നാൽ പുതിയ കൊവിഡ് ഭീതിയെ തുടർന്ന് ഗാർഹിക തൊഴിലാളികളുടെ നേരിട്ടുള്ള തിരിച്ചുവരവും അധികൃതർ താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. ഇടനില രാജ്യങ്ങളിൽ ക്വാറന്റൈൻ  കാലയളവ് പൂർത്തിയാക്കിയവർക്ക് കുവൈറ്റ് ആരോഗ്യമന്ത്രാലയം നിഷ്കർഷിച്ചിട്ടുള്ള പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ വഴി രാജ്യത്തേക്ക് പ്രവേശിക്കാം. അതേസമയം പുതിയ കോവിഡ് ഭീതി കണക്കിലെടുത്ത് ഇനി മുതൽ ഇടനില രാജ്യങ്ങൾ വഴി കുവൈറ്റിലേക്ക് കടക്കുന്നവരെയും ആരോഗ്യ മന്ത്രാലയം പ്രത്യേകം  നിരീക്ഷിക്കുന്നുണ്ടന്നും  അധികൃതർ അറിയിച്ചു

Related News