കുവൈറ്റിൽ രണ്ടു ദിവസത്തിനിടെ 2500 ഓളം പേർ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചു

  • 29/12/2020

കുവൈറ്റിൽ കൊവിഡ് പ്രതിരോധ വാക്സിൻ വിതരണം പുരോഗമിക്കുന്നു. കഴിഞ്ഞ രണ്ട് ദിവസം വാക്സിൻ വിതരണം ചെയ്ത കണക്കുകൾ പ്രകാരം ഏകദേശം 2500 ലധികം പേർ വാക്സിൻ സ്വീകരിച്ചിട്ടുണ്ടെന്നാണ് അധികൃതർ അറിയിച്ചത്. രാജ്യത്തെ കൊവിഡ് മുന്നണിപ്പോരാളികൾ, പ്രായമായവർ, വിട്ടുമാറാത്ത രോഗങ്ങൾ ഉള്ളവർ, തുടങ്ങി പ്രത്യേക വിഭാഗങ്ങളിൽ പെട്ട ആളുകൾക്കാണ് 2500ഓളം കോവിഡ്  വാക്സിൻ ഡോസ് വിതരണം ചെയ്തിട്ടുള്ളത്. നിലവിൽ മിഷ്രഫ്  അന്താരാഷ്ട്ര ഫെയർ ഗ്രൗണ്ടിലാണ് കോവിഡ് പ്രതിരോധ വാക്സിൻ വിതരണം നടക്കുന്നത്. ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ ഇതിന് മേൽനോട്ടം വഹിക്കുന്നുണ്ട്. എത്രയും വേഗത്തിൽ അടുത്ത ഡോസ് കൊവിഡ് വാക്സിൻ രാജ്യത്തെ എത്തിക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യമന്ത്രാലയം. നിലവിൽ 1,40,000 പേർ കൊവിഡ് വാക്സിൻ സ്വീകരിക്കുന്നതിനായി ആരോഗ്യമന്ത്രാലയം വികസിപ്പിച്ച പ്രത്യേക വെബ്സൈറ്റിൽ  രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് അവസാനത്തെ കണക്കുകൾ സൂചിപ്പിക്കുന്നത്. കൂടുതൽ പേർക്ക് കൊവിഡ് വാക്സിൻ ലഭ്യമാക്കാൻ ഓരോ മാസവും കൂടുതൽ വാക്സിൻ ഡോസ് എത്തിക്കാനാണ് അധികൃതർ തീരുമാനിച്ചിട്ടുള്ളത്. നിലവിൽ പ്രതിദിനം 1000 കൊവിഡ് വാക്സിൻ ഡോസുകളാണ് വിതരണം ചെയ്യുന്നത്. ഭാവിയിൽ ഇത് പ്രതിദിനം പത്തായിരം പേർക്ക് കൊവിഡ് വാക്സിൻ വിതരണം ചെയ്യാനുള്ള പദ്ധതികളും ആരോഗ്യ മന്ത്രാലയം ആലോചിക്കുന്നുണ്ട്.

Related News