പുതിയ കൊവിഡ് ഭീതി; ബ്രിട്ടനിൽ നിന്നും ഇന്ത്യയിലേക്കുളള വിമാന വിലക്ക് നീട്ടും

  • 29/12/2020


ജനിതക മാറ്റം സംഭവിച്ച പുതിയ കൊവിഡ് വൈറസ് ബ്രിട്ടനിലും മറ്റു യൂറോപ്യൻ രാജ്യങ്ങളിലും പടർന്നു പിടിക്കുന്ന പശ്ചാത്തലത്തിൽ  യുകെയിൽ നിന്നും ഇന്ത്യയിലേക്കുള്ള വിമാന സർവ്വീസുകളുടെ വിലക്ക് നീട്ടും. കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ ഏതുവരെ വിമാന സർവ്വീസുകൾ വിലക്ക് ഉണ്ടാകുമെന്ന് മന്ത്രി ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ഇക്കാര്യത്തിൽ ഉടനെ തീരുമാനമുണ്ടാകുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്. 
പുതിയ വൈറസ് വകഭേദ ഭീഷണിയെത്തുടര്‍ന്ന് ഇന്ത്യയിൽ  യുകെയിൽ നിന്നുള്ള ഫ്ലൈറ്റുകള്‍ ഡിസംബര്‍ 23 മുതല്‍ 31 വരെയാണ്  താൽക്കാലികമായി നിര്‍ത്തിവച്ചിരുന്നത്.  ഇതാണ് ഇപ്പോൾ വീണ്ടും നീട്ടുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചത്. ഇന്ത്യയ്ക്ക് പുറമെ നിരവധി രാജ്യങ്ങളാണ് യുകെയില്‍ നിന്നുള്ള ഫ്ലൈറ്റുകള്‍ താൽക്കാലികമായ നിരോധനം ഏര്‍പ്പെടുത്തിയത്.   ബ്രിട്ടനില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റും കൊവിഡ് പോസിറ്റീവാകുന്നവര്‍ക്ക് പ്രത്യേക ഐസൊലേഷനും സജ്ജമാക്കാനുളള മാര്‍ഗനിര്‍ദേശം നേരത്തെ നൽകിയിരുന്നു. വിമാനത്താവളത്തിലെ ടെസ്റ്റില്‍ കൊവിഡ് പോസിറ്റീവാകുന്നവരുടെ സഹയാത്രികര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനും നിര്‍ബന്ധമാക്കിയിരുന്നു.

Related News