രാഷ്ട്രീയത്തിലേക്കില്ലെന്ന് രജനികാന്ത്; വാക്കുപാലിക്കാന്‍ ആകാത്തതില്‍ ഖേദിക്കുന്നു

  • 29/12/2020



രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനില്ലെന്ന് തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് അറിയിച്ചത്. രാഷ്ട്രീയത്തിന് പുറത്ത് നിന്ന് ജനങ്ങളെ സേവിക്കുമെന്നും തന്നെ വിശ്വസിക്കുന്നവരെ വേദനിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും രജനികാന്ത് പറഞ്ഞു.

ആരോഗ്യസ്ഥിതി കാരണം അണ്ണാത്തെയുടെ ചിത്രീകരണം മുടങ്ങിയിരിക്കുകയാണെന്നും നിരവധി പേരുടെ ജോലി ഇതുകാരണം നഷ്ടമാകുകയും ചെയ്തു. പാര്‍ട്ടി രൂപീകരിച്ച് പ്രചരണം ആരംഭിച്ചു കഴിഞ്ഞാല്‍ നിരവധി പേരുമായി ഇടപഴകേണ്ടി വരും. തനിക്ക് വല്ലതും സംഭവിച്ചാല്‍ തന്നെ വിശ്വസിച്ചവര്‍ക്കും പിന്തുണച്ചവര്‍ക്കും കനത്ത വലിയ പ്രയാസവും സാമ്പത്തിക ബാധ്യതയും ഉണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഹൈദരാബാദില്‍ അണ്ണാത്തെയുടെ ലൊക്കേഷനില്‍ ചിലര്‍ക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് രജനി അടക്കമുള്ള താരങ്ങള്‍ ചെന്നൈയില്‍ തിരികെ മടങ്ങിയത്. പിന്നാലെ അദ്ദേഹത്തിന്റെ രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്.

അതേസമയം, രജനികാന്തിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ ആര്‍ സത്യനാരായണ റാവു പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കേണ്ടെന്നത് രജനിയുടെ തീരുമാനമാണെന്നും അതില്‍ നിന്ന് പിന്തിരിയാന്‍ അദ്ദേഹത്തെ നിര്‍ബന്ധിക്കാനാകില്ലെന്നും 77 കാരനായ സത്യനാരായണ റാവു പറഞ്ഞു.

ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രജനിയുടെ പിന്മാറ്റം. അതിനാല്‍ തന്നെ അതിനെ ചോദ്യം ചെയ്യാനാകില്ല. എന്ത് തീരുമാനം രജനികാന്ത് എടുത്താലും അത് ശരിയായിരിക്കും. പറഞ്ഞ വാക്ക് പാലിക്കുന്നയാളാണ് തന്റെ സഹോദരനെന്നും അദ്ദേഹത്തിന് ആരോഗ്യവും ആയുസ്സും ഉണ്ടാകട്ടെയെന്നും സഹോദരന്‍ പറഞ്ഞു.

Related News