മധ്യപ്രദേശില്‍ എരുമ ചാണകമിട്ടതിന് ഉടമസ്ഥന് പതിനായിരം രൂപ പിഴ

  • 30/12/2020



ന്യൂഡല്‍ഹി: റോഡില്‍ എരുമ ചാണകമിട്ടതിന്റെ പേരില്‍ ഉടമയ്ക്ക് പിഴ ഈടാക്കി മുന്‍സിപ്പാലിറ്റി അധികൃതര്‍. മധ്യപ്രദേശിലെ ഗ്വാളിയാറിലാണ് വിചിത്രമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എരുമ ഫാം നടത്തിപ്പുകാരനും ഉടമയുമായ ബേതാല്‍ സിങ്ങിനെതിരെയാണ് പിഴ ചുമത്തിയത്.

വൃത്തിയാക്കിയിട്ട റോഡില്‍ എരുമ ചാണകമിട്ടതിനാണ് പതിനായിരം രൂപ പിഴ ഈടാക്കിയിരിക്കുന്നത്. മുനിസിപ്പാലിറ്റി പരിധിയിലെ റോഡുകള്‍ വൃത്തിയാക്കിക്കൊണ്ടിരിക്കുകയാണെന്നും റോഡുകളില്‍ മാലിന്യം ഉപേക്ഷിക്കുന്നവര്‍ക്കെതിരെ പിഴ ചുമത്തുമെന്നും അധികൃതര്‍ അറിയിച്ചു.

നഗരത്തിലെ വിവിധ ഇടങ്ങളില്‍ ശുചീകരണ പ്രവര്‍ത്തികള്‍ തുടരുകയാണ്. തെരുവുകള്‍ വൃത്തിയായി സൂക്ഷിക്കേണ്ടതിനെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്തുന്നുണ്ടെന്നും മലിനമാക്കുന്നവര്‍ക്കെതിരെ പിഴ ചുമത്തിക്കൊണ്ടിരിക്കുകയാണെന്നും മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥന്‍ മനീഷ് കനാസുജിയ പറയുന്നു.

കഴിഞ്ഞ ദിവസം റോഡ് ശുചീകരണം നടക്കുന്നതിനിടയില്‍ റോഡിലൂടെ അലഞ്ഞു നടന്ന എരുമകളാണ് ചാണകമിട്ടത്. ഉടമയോടെ എരുമകളെ മാറ്റാന്‍ ആവശ്യപ്പെട്ടെങ്കിലും നടന്നില്ല. ഇതേ തുടര്‍ന്നാണ് പിഴ ചുമത്തിയതെന്ന് ഉദ്യോഗസ്ഥന്‍ പറയുന്നു.

അതേസമയം, പിഴ ചുമത്തപ്പെട്ട ബേതാല്‍ സിങ് തിരിച്ച് വാദമുന്നയിക്കാന്‍ നില്‍ക്കാതെ പിഴ തുക നല്‍കി മാതൃകയായി.

Related News