ഉത്തര്‍പ്രദേശിലെ പഞ്ചായത്തില്‍ പാകിസ്താന്‍ പൗര പ്രസിഡന്റ്

  • 01/01/2021



ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പാകിസ്ഥാന്‍ പൗര പഞ്ചായത്ത് പ്രസിഡന്റ് ആയി പ്രവര്‍ത്തിച്ചതില്‍ അന്വേഷണം. പാക് പൗരയായ ബാനോ ബീഗം ആധാര്‍, വോട്ടേഴ്‌സ് ഐഡി എന്നിവ നേടിയതായും അന്വേഷണത്തില്‍ കണ്ടെത്തി.

ഇറ്റാവ ജില്ലയിലെ ഗൗഡോ പഞ്ചായത്തിലാണ് അറുപത്തിയഞ്ചുകാരിയായ ബാനോ ബീഗം താല്‍ക്കാലിക പ്രസിഡന്റ് ആയത്. മുപ്പത്തിയഞ്ചു വര്‍ഷം മുമ്ബാണ് ഇവര്‍ ഇന്ത്യയിലേക്കു വന്നത്. ഇറ്റാവിയില്‍ ബന്ധുവീട്ടിലാണ് കഴിഞ്ഞിരുന്നത്. ദീര്‍ഘകാല വിസയില്‍ രാജ്യത്ത് എത്തിയ ബീഗം പിന്നീട് സമീപത്തുള്ള അഖ്തര്‍ അലിയെ വിവാഹം കഴിച്ചു. പലവട്ടം ബീഗം ഇന്ത്യന്‍ പൗരത്വത്തിന് ശ്രമിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

2015ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ച ബീഗം ഗൗഡോ പഞ്ചായത്ത് ഭരണസമിതി അംഗമായി. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ പ്രസിഡന്റ് ഷഹ്നാസ് ബീഗം മരിച്ചപ്പോള്‍ താല്‍ക്കാലിക പ്രസിഡന്റ് ആയി സ്ഥാനമേല്‍ക്കുകയായിരുന്നു.

ഗ്രാമത്തിലുള്ള ഖവായിദാന്‍ ഖാന്‍ എന്നയാള്‍ പരാതി നല്‍കിയതോടെയാണ് വിഷയം പൊതുശ്രദ്ധയില്‍ വന്നത്. ബീഗം പാക് പൗരയാണ് എന്നായിരുന്നു പരാതി. ബീഗം ഉടന്‍ തന്നെ അധ്യക്ഷസ്ഥാനം രാജിവച്ചു. എന്നാല്‍ ജില്ലാ പഞ്ചായത്ത് ഓഫിസര്‍ വിഷയം ജില്ലാ കലക്ടര്‍ക്കു മുന്നില്‍ ഉന്നയിച്ചു. തുടര്‍ന്ന് ബീഗത്തിനെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ ഉത്തരവാവുകയായിരുന്നു.

പഞ്ചായത്ത് സെക്രട്ടറി ധ്യാന്‍പാല്‍ സിങ് ആണ് ബീഗത്തെ താല്‍ക്കാലിക അധ്യക്ഷയായി നിയോഗിക്കാന്‍ ശുപാര്‍ശ നല്‍കിയത്. സിങ്ങിനെ പദവിയില്‍നിന്നു നീക്കം ചെയ്തു.ബീഗത്തിന് ആധാര്‍ കാര്‍ഡും മറ്റു രേഖകളും എങ്ങനെ സംഘടിപ്പിക്കാനായി എന്നതില്‍ അന്വേഷണം നടക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞു.

Related News