ബ്രിട്ടനിൽ നിന്ന് വിമാന സർവ്വീസുകൾ പുനരാരംഭിക്കാനൊരുങ്ങി ഇന്ത്യ

  • 01/01/2021

അതിതീവ്ര കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ നിർത്തിവെച്ച ബ്രിട്ടനിൽ നിന്നുള്ള വിമാന സർവ്വീസുകൾ പുനരാരംഭിക്കുന്നു. ജനുവരി 8 മുതൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് വിമാന സർവ്വീസുകൾ പുനരാരംഭിക്കുമെന്ന് കേന്ദ്രവ്യോമയാനമന്ത്രി ഹർദീപ് സിംഗ് പുരി വ്യക്തമാക്കി. ജനുവരി 23 വരെ ആഴ്ചയിൽ 15 ഫ്ലൈറ്റുകൾ മാത്രമേ സർവ്വീസ് നടത്തൂ. ഡൽഹി, മുംബൈ, ബംഗളൂരു, ഹൈദരാബാദ് എന്നീ നഗരങ്ങളിലേക്ക് മാത്രമേ സർവ്വീസുകളുണ്ടാകൂ. കൃത്യമായി ഏതെല്ലാം വിമാനങ്ങൾ, എപ്പോഴെല്ലാം സർവ്വീസ് നടത്തുമെന്ന വിവരം വ്യോമയാന അതോറിറ്റി പുറത്തുവിടുമെന്നും ഹർദീപ് സിംഗ് പുരി ട്വീറ്റ് ചെയ്തു. ഡിസംബർ 23നാണ് കൊവിഡ് വൈറസിന്‍റെ പുതിയ വകഭേദം പടരുന്നത് കണ്ടെത്തിയ സാഹചര്യത്തിൽ യുകെയിലേക്കുള്ള വിമാന സർവ്വീസുകൾ കേന്ദ്രസർക്കാർ നിർത്തിവച്ചത്. ഡിസംബർ 31 വരെയാണ് നിയന്ത്രണം ആദ്യം പ്രഖ്യാപിച്ചതെങ്കിലും പിന്നീടത് ജനുവരി 7 വരെ നീട്ടിയിരുന്നു.

Related News