കേരളത്തിൽ നിന്നും കുവൈറ്റിലെത്തി വിമാനത്താവളത്തിൽ കുടുങ്ങികിടക്കുന്നവരെ നാട്ടിലേക്ക് തിരിച്ചയക്കും

  • 14/10/2020

കുവൈറ്റ് സിറ്റി;   പ്രത്യേക വിമാനത്തിൽ കേരളത്തിൽ നിന്നും കുവൈറ്റിലെത്തി വിമാനത്താവളത്തിൽ കുടുങ്ങികിടക്കുന്ന നഴ്സുമാർ ഉൾപ്പെടെയുളളവർ നാട്ടിലേക്ക് തിരിച്ചയക്കും. കുവൈറ്റിൽ നിന്ന് ഉച്ചയ്ക്ക് ശേഷം 3.30 ന് പുറപ്പെടുന്ന ജസീറ എയർവേയ്സിൽ ഇവർ നാട്ടിലേക്ക് തിരിച്ചയക്കും.  പ്രത്യേക വിമാനത്തിൽ ഇന്നലെ രാത്രി ഒൻപത് മണിയോടെ 200 പേരാണ് കുവൈറ്റിലെത്തിയത്. നഴ്സുമാർ ഉൾപ്പെടെ 19 പേർ കുവൈറ്റ് വിമാനത്താവളത്തിൽ കുടുങ്ങികിടന്നിരുന്നു. ഈ 19 പേരെയാണ് തിരിച്ചയക്കുന്നത്. 

മന്ത്രാലയത്തിൽ ജോലി ചെയ്യുന്നവരാണെങ്കിലും വിവിധ കമ്പനികളുടെ കീഴിലാണ് ഇവരുടെ ഇക്കാമ.( റെസിഡൻസ് പെർമിറ്റ്‌ ). അത് കൊണ്ട് തന്നെ ഇവർക്ക് നേരിട്ട് കുവൈത്തിൽ എത്താനുള്ള അനുവാദമുണ്ടായിരുന്നില്ല. എന്നാൽ ഇവർക്ക് അനുമതി ലഭിച്ചതായി ട്രാവൽസ് തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നാണ് നഴ്‌സുമാർ പറയുന്നത്.  പ്രവാസികളുടെ വിരലടയാളം രേഖപ്പെടുത്താതെയാണ് എംബസിയുടെ ഇടപെടലിൽ ഇവരെ തിരിച്ചയയ്ക്കുന്നത്. 

അതേസമയം, ഇവരെ  കുവൈറ്റിലെത്തിച്ച ഏജൻസിക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.  എംഒഎച്ച് സ്റ്റാഫ് നഴ്സുമാർ, കെഒസി സ്റ്റാഫുകൾ, വിദ്യാഭ്യാസ മന്ത്രാലയത്തിലെ അധ്യാപകർ എന്നിവർ ഉൾപ്പെടുന്ന സംഘമാണ് പ്രത്യേക വിമാനത്തിൽ ഇന്നലെ കുവൈറ്റിലെത്തിയത്.    വിമാനത്താവളത്തിൽ  കുടുങ്ങി കിടക്കുന്നവർ എല്ലാം സ്ത്രീകളാണ്.   ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്ജ്‌ വിഷയത്തിൽ അടിയന്തിരമായി ഇടപെടുകയും എംബസി ഉദ്യോഗസ്ഥരെ വിമാന താവളത്തിലേക്ക്‌ അയക്കുകയും ചെയ്തു. ഇതേ തുടർന്ന് കുവൈത്ത്‌ അധികൃതരുമായി നടത്തിയ ചർച്ചയെ തുടർന്നാണു വിരലടയാളം രേഖപ്പെടുത്താതെ ഇവരെ തിരിച്ചയച്ചത്‌.

Related News