കോണ്ടത്തിനകത്ത് പാമ്പിന്റെ തല കയറ്റി ക്രൂരത; പ്രാണന് വേണ്ടി പിടഞ്ഞ് ഒടുവിൽ മോചനം

  • 06/01/2021


മുംബൈ : മൃഗങ്ങളോടുള്ള ക്രൂരത തുടരുന്നു ,ഉപയോഗിച്ച ഗർഭനിരോധന ഉറ കൊണ്ട് തല മൂടിയ പാമ്പിനെ മുംബൈ കണ്ടിവാലിയിലാണ് കണ്ടെത്തിയത്. ശ്വാസം കിട്ടാതെ പ്രാണന് വേണ്ടി പിടയുന്ന രീതിയിൽ കണ്ട പാമ്പിനെ പിന്നീട് രക്ഷിക്കുകയും ചെയ്തു.

രാവിലെ എട്ടരയോടെ ഗ്രീൻ മെഡോസ് ഹൗസിംഗ് സൊസൈറ്റിക്ക് സമീപമാണ് പാമ്പിനെ കണ്ടെത്തിയത്. പ്രദേശവാസികളിലൊരാളാണ് സംഭവം കണ്ട് പാമ്പിനെ രക്ഷപെടുത്താൻ പാമ്പ് പിടിത്തക്കാരൻ മിത മാൽവങ്കറുടെ സഹായം തേടിയത് . വിവരം അറിഞ്ഞ ഉടൻ തന്നെ മിത സ്ഥലത്തെത്തുകയും ചെയ്തു.

‘ പ്ലാസ്റ്റിക് കവർ തലയിൽ കുടുങ്ങിയതിനാൽ പാമ്പ് ഇഴയാൻ കഴിയാതെ കുടുങ്ങിക്കിടക്കുന്നെന്ന് പ്രദേശവാസിയായ വൈശാലി തൻഹയാണ് എന്നെ വിളിച്ച് പറഞ്ഞത്. സ്ഥലത്തേക്ക് പെട്ടെന്ന് എത്തിയ ഞാൻ ആ കാഴ്ച കണ്ട് ഞെട്ടി. ആരോ ഉപയോഗിച്ച കോണ്ടം പാമ്പിന്‍റെ തലയിൽ ഇടുകയായിരുന്നു.’ മിത മാൽവങ്കർ പറഞ്ഞു.

പാമ്പിനെ കൈയ്യിലെടുത്തപ്പോൾ തന്നെ ശ്വാസം കിട്ടാൻ ബുദ്ധിമുട്ടുന്ന നിലയിലായിരുന്നു . ഗർഭനിരോധന ഉറ നീക്കി പാമ്പിനെ രക്ഷപെടുത്തിയതായും മിത പറഞ്ഞു .

വിദഗ്ധരായ പാമ്പ് പിടുത്തക്കാരായിരിക്കാം സംഭവത്തിനു പിന്നിലെന്നും മിത സംശയം പ്രകടിപ്പിച്ചു . ‘ ഇത് അത്ര എളുപ്പമല്ല, വിഷമല്ലെങ്കിലും, കടിയേറ്റാൽ വളരെയധികം വേദനയാണ്. മൂർച്ചയുള്ള, സൂചി പോലുള്ള പല്ലുകൾ ഉപയോഗിച്ചാണ് അത് കടിക്കുക ‘ മിത കൂട്ടിച്ചേർത്തു.

പാമ്പിനെ രക്ഷിച്ച ഉടന്‍ തന്നെ മൃഗ ഡോക്ടര്‍ ഡോ. ശൈലേഷ് പെഥെ പാമ്പിനെ പരിശോധിച്ച് പ്രാഥമിക ചികിത്സ നല്‍കി . തുടര്‍ന്ന് വനപ്രദേശത്ത് പാമ്പിനെ തുറന്നുവിടുകയായിരുന്നു.

Related News