നിയമങ്ങൾ കർശനമാക്കി ദുബൈ , നൂറുക്കണക്കിന് പ്രവാസികളുടെ കുവൈത്തിലേക്കുള്ള യാത്ര മുടങ്ങി

  • 15/10/2020


കുവൈത്ത് സിറ്റി : 34 രാജ്യങ്ങൾക്ക് യാത്ര വിലക്ക് ഏര്‍പ്പെടുത്തിയതിനാല്‍ ദുബൈ  ഇടത്താവളമാക്കി കുവൈത്തിലെക്ക് വരാൻ ഒരുങ്ങിയ നൂറുക്കണക്കിന് പ്രവാസി  യാത്രക്കാര്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നു. 50 ഓളം ഇന്ത്യക്കാരും  304 പാകിസ്ഥാനികളുമാണ് കുവൈത്തിലേക്ക് യാത്ര ചെയ്യുവാന്‍ അനുമതി കിട്ടാതെ ഇന്നലെ മുതല്‍ എയര്‍പോര്‍ട്ടില്‍ കഴിയുന്നത്. 

ടൂറിസ്റ്റ് വിസ നടപടിക്രമങ്ങള്‍ പൂര്‍ണ്ണമായും പാലിക്കാത്തതിനെ തുടര്‍ന്നാണ് യാത്രക്കാരെ തടഞ്ഞുവെച്ചതെന്ന് ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആർഎഫ്എ) സ്ഥിരീകരിച്ചു. 

ദുബൈയിലേക്ക്  യാത്ര ചെയ്തവര്‍ക്ക് സാധുവായ ഹോട്ടൽ റിസർവേഷനോ  അല്ലെങ്കിൽ  ബന്ധുവിന്റെ റഫറൻസും മടക്ക ടിക്കറ്റ് ബുക്കിംഗും ഉണ്ടായിരിക്കണമെന്നാണ്  യുഎഇ ഇമിഗ്രേഷൻ നിയമം. ഇത് പാലിക്കുവാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് കുവൈത്തിലേക്കുള്ള യാത്ര നിഷേധിച്ചത്. 

യാത്ര വിലക്കുള്ളതിനാല്‍  ദുബൈയും ഷാർജയും ടൂറിസ്റ്റ് - വിസിറ്റ് വിസകൾ വഴി ആയിരങ്ങളാണ്  ദുബൈയിലെ ഹോട്ടലുകളിൽ തങ്ങുന്നത്. ഇന്ത്യയിൽ നിന്നും കുവൈത്തിലേക്ക് യാത്ര വിലക്ക് ഉള്ളതിനാൽ ദുബൈ ഇടത്താവളമാക്കിയാണ് നേരത്തെ പലരും കുവൈത്തിലെത്തിയത് . ദുബൈയിലെത്തി 14 ദിവസം ക്വാറൻറീനിൽ കഴിഞ്ഞ ശേഷം കുവൈത്തിൽ എത്തണമെന്നാണ് നിബന്ധന. 

അതിനാൽ ഒരു മാസത്തെ വിസിറ്റിങ് വിസയെടുത്താണ് യാത്രക്കാർ ദുബൈയിൽ എത്തി ഹോട്ടലിൽ തങ്ങുന്നത്. എന്നാൽ യാത്രക്കാരുടെ എണ്ണം വർധിച്ചതോടെ നിലവിൽ ദുബൈയിൽനിന്ന് കുവൈത്തിലേക്കുള്ള യാത്രനിരക്ക് 500 ദിനാറിനും മുകളില്‍ ആയിരിക്കുകയാണ്. 

കുവൈത്തിൽ എത്തിയില്ലെങ്കിൽ ജോലി നഷ്ടമാകും എന്ന അവസ്ഥയിലുള്ളവരാണ് ഇനിയും പ്രതീക്ഷയോടെ ഇവിടെ തങ്ങുന്നത്. കുടുംബവുമായി എത്തിയവരുമുണ്ട്.യു.എ.ഇയിൽനിന്ന് കുവൈത്തിലേക്ക് ദിവസവും വളരെ കുറച്ച് സർവിസ് മാത്രമാണുള്ളത്. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ പകുതി യാത്രക്കാരെ മാത്രമാണ് വിമാനങ്ങളിൽ അനുവദിക്കുന്നത്. 

Related News