രാജ്യതലസ്ഥാനം കീഴടക്കി കര്‍ഷകര്‍; ചെങ്കോട്ട വളഞ്ഞ് കൊടികെട്ടി

  • 26/01/2021



ഡല്‍ഹി: ട്രാക്ടര്‍ റാലിയുമായി ഡല്‍ഹി നഗര ഹൃദയത്തിലേക്ക് കടന്ന കര്‍ഷകര്‍ ചെങ്കോട്ട വളഞ്ഞ് കൊടികെട്ടി. കര്‍ഷക സംഘടനയുടെ കൊടിയാണ് കെട്ടിയത്. അതേസമയം, ഡല്‍ഹി നഗര ഹൃദയത്തിലേക്ക് കടന്നത് തങ്ങളുടെ കൂട്ടത്തിലുള്ളവരല്ലെന്ന് സംയുക്ത സമരസമിതി പറഞ്ഞു. വിലക്ക് ലംഘിച്ച് നഗരത്തിലേക്ക് കടന്നത് ബി കെ യു ഉഗ്രഹാന്‍, കിസാന്‍ മസ്ദൂര്‍ സംഘ് എന്നിവരാണ് എന്ന് സംയുക്ത സമരസമിതി പ്രസ്താവനയില്‍ വ്യക്തമാക്കി. ഡല്‍ഹി പൊലീസ് അനുവദിച്ച് നല്‍കിയ മൂന്നു റൂട്ടുകള്‍ അംഗീകരിക്കാത്ത ഇവര്‍ രാവിലെ എട്ടുമണിയോടെ ട്രാക്ടറുകളുമായി പുറപ്പെടുകയായിരുന്നു എന്ന് സംയുക്ത സമര സമിതി നേതാക്കള്‍ വ്യക്തമാക്കി.

തങ്ങളുടെ റാലി ഗാസിപ്പൂര്‍ വഴി സമാധാനപരമായി മുന്നേറുകയാണെന്ന് ബികെയു നേതാവ് രാകേഷ് തികായത് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. നഗര ഹൃദയത്തില്‍ പ്രവേശിച്ച സമരക്കാരും പൊലീസും തമ്മില്‍ വന്‍ സംഘര്‍ഷമാണ് നടക്കുന്നത്. ട്രാക്ടറുകളുടെ കാറ്റഴിച്ചുവിട്ട പൊലീസ്, കര്‍ഷകര്‍ക്ക് നേരെ കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ലാത്തി ചാര്‍ജ് നടത്തുകയും ചെയ്തു.

ഇതിന് പിന്നാലെ റോഡിന് കുറുകെ നിര്‍ത്തിയിട്ടിരുന്ന ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസുകളും കണ്ടെയ്നറും കര്‍ഷകര്‍ മറിച്ചിട്ടു. പൊലീസ് ക്രെയിന്‍ കര്‍ഷകര്‍ പിടിച്ചെടുത്തു.

ഇതിനിടെ, പൊലീസിന്റെ കല്ലേറിനിടെ ട്രാക്ടര്‍ മറിഞ്ഞ് കര്‍ഷകന്‍ മരിച്ചു. മരിച്ച കര്‍ഷകന്റെ മൃതദേഹവുമായി കര്‍ഷകര്‍ ദീന്ദയാല് ഉപാധ്യായ റോഡില്‍ പ്രതിഷേധിക്കുകയാണ്. പൊലീസ് വെടിവെയ്പ്പിലാണ് മരണം എന്ന് കര്‍ഷകര്‍ പറഞ്ഞു.കര്‍ഷകര്‍ ട്രാക്ടറുകളുമായി ഇന്ത്യാ ഗേറ്റിലേക്ക് നീങ്ങുകയാണ്. പ്രതിഷേധക്കാര്‍ ചെങ്കോട്ടയിലെത്തിയിട്ടുണ്ട്. സെന്‍ട്രല്‍ ഡല്‍ഹിയിലെ ഐടിഒക്ക് നേരെ ആക്രമണമുണ്ടായി. നിരവധി ബസ്സുകള്‍ പ്രതിഷേധത്തിനിടെ തകര്‍ക്കപ്പെട്ടു. പൊലീസ് കര്‍ഷകരുടെ ട്രാക്ടറുകളുടെ കാറ്റഴിച്ചു വിടുകയും ചെയ്തു.

നേരത്തേ നിശ്ചയിച്ച അതേ റൂട്ട് മാപ്പിലൂടെ മാത്രമാണ് പരേഡ് പോകുന്നതെന്നും, അവിടെ തടസ്സമായി പൊലീസ് വച്ച ബാരിക്കേഡുകളാണ് മാറ്റിയതെന്നും കര്ഷകസംഘടനകള്‍ പറഞ്ഞു. ഒരു ലക്ഷത്തോളം ട്രാക്ടറുകളിലായി നാല് ലക്ഷത്തോളം കര്‍ഷകരാണ് റാലിയില്‍ പങ്കെടുക്കുന്നത്.





Related News