കള്ളപ്പണം വെളുപ്പിക്കൽ; ആംനസ്റ്റി ഇന്റർനാഷണൽ സ്ഥാപനങ്ങളിൽ റെയ്ഡ്; എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 17 കോടി കണ്ടെത്തി; അക്കൗണ്ടുകൾ മരവിപ്പിച്ചു

  • 17/02/2021


ന്യൂഡെൽഹി: ആംനസ്റ്റി ഇന്റർനാഷണലിന്റെ രണ്ട് സ്ഥാപനങ്ങളിൽ റെയ്ഡ്. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് നടത്തിയ റെയ്‌ഡിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 17 കോടി രൂപ കണ്ടെത്തി. ആംനസ്റ്റി ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ്, ഇന്ത്യൻസ് ഫോർ ആംനസ്റ്റി ഇന്റർനാഷണൽ ട്രസ്റ്റ് എന്നിവയുടെ അക്കൗണ്ടുകളുകളാണ് ഇഡി മരവിപ്പിച്ചത്.

കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമാണ് ഇവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്. രണ്ട് സ്ഥാപനങ്ങളും അനധികൃതമായാണ് പണം കൈവശം വച്ചതെന്ന് ഇഡി വ്യക്തമാക്കി. 17.66 കോടി രൂപയുടെ സ്വത്തുക്കളാണ് തടഞ്ഞു വച്ചിരിക്കുന്നത്.

വിദേശധനസഹായം സ്വീകരിക്കുന്ന ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് ഇതുവരെ ആംനസ്റ്റിയുടെ 19.54 കോടി ഇഡി കണ്ടുകെട്ടിയിട്ടുണ്ട്. ആംനസ്റ്റി ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ്, ഇന്ത്യൻസ് ഫോർ ആംനസ്റ്റി ഇന്റർനാഷണൽ ട്രസ്റ്റ്, ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യ ഫൗണ്ടേഷൻ ട്രസ്റ്റ്, ആംനസ്റ്റി ഇന്റർനാഷണൽ സൗത്ത് ഏഷ്യ ഫൗണ്ടേഷൻ എന്നീ സംഘടനകൾക്കെതിരെ സിബിഐയും കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇഡിയുടെ നടപടി.

ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ടിലെ വിവിധ വകുപ്പുകളും ഐപിസി 120-ബി പ്രകാരവുമാണ് സിബിഐ കേസെടുത്തിരിക്കുന്നത്. 2017ൽ ആംനസ്റ്റി ഇന്ത്യയുടെ ബാങ്ക് അക്കൗണ്ടുകൾ ഇ.ഡി. മരവിപ്പിച്ചിരുന്നു. എന്നാൽ കോടതിയിൽനിന്ന് ആംനസ്റ്റി ഇന്ത്യക്ക് അനുകൂല വിധി ലഭിക്കുകയായിരുന്നു.

Related News