കോവിഡ് വ്യാപനം; കുവൈത്തില്‍ ആശങ്കയേറുന്നു

  • 02/03/2021

കുവൈത്ത് സിറ്റി : കുവൈത്തിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ വന്‍  വർദ്ധനവ്. രാജ്യത്ത്  കോവിഡ് വാഹകരുടെ എണ്ണവും മരണവും ക്രമാതീതമായി കൂടുന്നത് രാജ്യത്ത്  കടുത്ത ആശങ്ക ഉളവാക്കിയിട്ടുണ്ട് .കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍  രാജ്യത്ത് കോവിഡ് കേസ് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട്  ചെയ്തത്  ഫെബ്രവരിയിലാണ്. ഏറ്റവും ഒടുവിലെ കണക്കുകള്‍ പ്രകാരം  ഫെബ്രുവരിയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്ത  കൊറോണ വൈറസ്‌ കേസുകളുടെ എണ്ണം 25,009 ഉം 124 മരണങ്ങളാണ്. അതേസമയം ജനുവരിയിൽ 14,388 പുതിയ അണുബാധകളും 23 മരണങ്ങളും 2020 ഡിസംബറിൽ  7,594 പുതിയ കേസുകളും 53 മരണങ്ങളുമാണ് രേഖപ്പെടുത്തിയത്. 

ജൂൺ മാസത്തിൽ 19,152 ഉം, ജൂലൈയിൽ 20,762 ഉം, ഓഗസ്റ്റിൽ 18,152 ഉം, സെപ്റ്റംബറിൽ 20,073 ഉം , ഒക്ടോബറിൽ 20,744 ഉം, നവംബറിൽ 16,709 കേസുകളുമാണ് നേരത്തെ രാജ്യത്ത് വൈറസ് പടർന്നതിനുശേഷം ഏറ്റവും കൂടുതൽ കോവിഡ് കേസുകള്‍  റിപ്പോർട്ട് ചെയ്യപ്പെട്ട മാസങ്ങള്‍. രാജ്യത്ത് കോവിഡ് മരണനിരക്ക് കുറയാത്തതാണ് പ്രധാന ആശങ്ക. 2020 മെയ് മാസത്തിൽ വൈറസ് മൂലം 186 മരണങ്ങളും ജൂൺ മാസത്തിൽ 142 ഉം , ജൂലൈയിൽ 93 ഉം, ഓഗസ്റ്റിൽ 84 ഉം, സെപ്റ്റംബറിൽ 79 ഉം, ഒക്ടോബറിൽ 169 ഉം, നവംബറിൽ 101 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. 

കര്‍ശനമായ നിയന്ത്രണങ്ങള്‍ നിലവിലുണ്ടെങ്കിലും അനധികൃതമായി നടത്തുന്ന ഒത്തുചേരലുകളിലൂടെയും സമ്പർക്കങ്ങളിലൂടെയും കൊറോണ വൈറസ് വൈറസ് വ്യാപിക്കുന്നതെന്നതാണ് അധികൃതര്‍ പറയുന്നത്. തീവ്രപരിചരണ വിഭാഗത്തിൽ 157 പേരടക്കം 10,791  പേരാണ് ഇനി ചികിൽസയിലുള്ളത്. കഴിഞ്ഞ ഒരു മാസമായി ടെസ്ട് പോസിറ്റിവിറ്റി നിരക്കില്‍ ഉണ്ടായ വര്‍ദ്ധനയും രാജ്യത്ത് കോവിഡിന്‍റെ വ്യാപനത്തിന്‍റെ സൂചനയാണ് നല്‍കുന്നത്. പുതിയ കേസുകളോടപ്പം വാർഡുകളിലും ഐസിയുവുകളിലും രോഗികളുടെ എണ്ണം അതിവേഗം വർദ്ധിക്കുന്നത് ആശുപത്രികള്‍ തിരക്ക് വര്‍ദ്ധിപ്പിക്കുകയാണ്. അതിനിടെ 93.82  ശതമാനമായി രോഗമുക്തി നിരക്ക് ഉയര്‍ന്നത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ അല്‍പ്പം ആശ്വാസം നല്കുന്നുണ്ട്. 

Related News