''ഒടുവിൽ മോചിതൻ''; രണ്ട് വർഷത്തിനു ശേഷം കവി വരവരറാവു ജയിൽമോചിതനായി

  • 07/03/2021

മുംബൈ: കവി വരവരറാവു ജയിൽമോചിതനായി. ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി ബോംബെ ഹൈക്കോടതി കഴിഞ്ഞ മാസം 22-നാണ് എൺപത്തിയൊന്നുകാരനായ കവി വരവരറാവുവിന് ജാമ്യം അനുവദിച്ചത്. ഭീമ കൊറേഗാവ് കേസിൽ യുഎപിഎ ചുമത്തപ്പെട്ട് കഴിഞ്ഞ രണ്ട് വർഷമായി ജയിലിൽ കഴിയുകയായിരുന്നു.  

മുംബൈ നാനാവതി ആശുപത്രിയിൽ ചികിത്സയിലായിരുന്നു റാവു. ഇന്നലെ രാത്രി വൈകിയാണ് വരവരറാവുവിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്. അഭിഭാഷകയായ ഇന്ദിരാ ജയ്‍സിംഗാണ് റാവുവിൻറെ ചിത്രം ട്വീറ്റ് ചെയ്തത്. ''ഒടുവിൽ മോചിതൻ'' എന്ന അടിക്കുറിപ്പോടെയാണ് ഇന്ദിരാ ജയ്‍സിംഗ് ചിത്രം പോസ്റ്റ് ചെയ്തത്.

മുംബൈ വിട്ടുപോകരുതെന്നും, പൊലീസ് എപ്പോൾ വിളിച്ചാലും ഹാജരാകണമെന്നുമുള്ള ഉപാധികളോടെയാണ് വരവരറാവുവിന് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. പാസ്പോർട്ട് എൻഐഎയ്ക്ക് മുന്നിൽ കെട്ടിവയ്ക്കണം, കേസിലെ മറ്റ് പ്രതികളുമായി യാതൊരു തരത്തിലും ബന്ധപ്പെടാൻ പാടില്ല, അരലക്ഷം രൂപയും ആൾജാമ്യവും കോടതിയ്ക്ക് മുന്നിൽ കെട്ടിവയ്ക്കണം എന്നിവയാണ് മറ്റ് ജാമ്യവ്യവസ്ഥകൾ.

2018 ഓഗസ്റ്റ് 28 മുതൽ വരവരറാവു ജയിലിലാണ്. കേസിൻറെ വിചാരണ പോലും തുടങ്ങിയിട്ടുമില്ല. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി പല തവണ വരവരറാവുവിൻറെ കുടുംബം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ജാമ്യം നിഷേധിക്കപ്പെട്ടു. 365 ദിവസത്തിൽ 149 ദിവസവും വരവരറാവു ആശുപത്രിയിലായിരുന്നെന്നും, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ള റാവുവിനെ തലോജ ജയിലിൽ നിന്ന് മാറ്റി, ഹൈദരാബാദിലെ വീട്ടിൽ കഴിയാൻ അനുവദിക്കണമെന്നും റാവുവിന് വേണ്ടി ഹാ‍ജരായ ഇന്ദിരാജയ്‍സിംഗ് വാദിച്ചു. ഈ വാദം അംഗീകരിച്ച ബോംബെ ഹൈക്കോടതി, ഇനിയും വരവരറാവുവിന് ജാമ്യം നൽകിയിട്ടില്ലെങ്കിൽ അത് മനുഷ്യാവകാശങ്ങൾ അവഗണിക്കുന്നത് പോലെയാകുമെന്ന് നിരീക്ഷിച്ചിരുന്നു. 

Related News