ജനിതകമാറ്റം വന്ന കൊറോണ വൈറസ് വകഭേദങ്ങൾ ഇന്ത്യയിൽ 795 പേരെ ബാധിച്ചതായി കേന്ദ്രം

  • 23/03/2021

ന്യൂഡൽഹി: ബ്രിട്ടൻ, ദക്ഷിണാഫ്രിക്ക, ബ്രസീൽ എന്നിവിടങ്ങളിൽ കണ്ടെത്തിയ ജനിതകമാറ്റം വന്ന കൊറോണ വൈറസ് വകഭേദങ്ങൾ ഇന്ത്യയിൽ 795 പേരെ ബാധിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിക്കുകയുണ്ടായി. മാർച്ച്‌ 18ന് ഇത് 400 ആയിരുന്നു. അഞ്ചുദിവസത്തിനിടെ 395 പേർക്ക് കൂടി അതിവേഗ വൈറസ് ബാധിച്ചത് ആശങ്ക ഉയർത്തിയിരിക്കുകയാണ്.

ഏകദേശം 50 ശതമാനത്തിന്റെ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഇതിൽ 326 കേസുകൾ പഞ്ചാബിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബ്രിട്ടനിൽ കണ്ടെത്തിയ അതിവേഗ വൈറസാണ് പഞ്ചാബ് സ്വദേശികളെ ബാധിച്ചത്. പഞ്ചാബിൽ അടുത്തിടെ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. പ്രതിദിനം ശരാശരി രണ്ടായിരത്തിലധികം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. 

യുകെ വൈറസിന് വ്യാപന ശേഷി കൂടുതലാണ്. അതിനാൽ കൂടുതൽ ജാഗ്രത പാലിക്കണം. കോവിഷീൽഡ് വാക്‌സിൻ ഈ വൈറസിനെ ചെറുക്കാൻ പര്യാപ്തമാണെന്ന് തൽവാർ പറഞ്ഞതായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് അറിയിക്കുകയുണ്ടായി. വൈറസിന്റെ ബ്രിട്ടൻ വകഭേദം വിവിധ രാജ്യങ്ങളിൽ അതിവേഗമാണ് വ്യാപിക്കുന്നത്.

പുതിയ സാഹചര്യത്തിൽ വാക്‌സിനേഷൻ വർധിപ്പിക്കാൻ പ്രധാനമന്ത്രിയോട് അപേക്ഷിച്ചതായി അമരീന്ദർ സിങ് പറഞ്ഞു. യുവാക്കളെയും വാക്‌സിനേഷന്റെ പരിധിയിൽ കൊണ്ടുവരാൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായും അമരീന്ദർ സിങ് അറിയിച്ചു.

Related News