രാജ്യത്ത് ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച പുതിയ കൊറോണയുടെ വകഭേദം കണ്ടെത്തി; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

  • 24/03/2021

ന്യൂ ഡെൽഹി: രാജ്യത്ത് ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച പുതിയ കൊറോണയുടെ വകഭേദം കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. അതേസമയം ഇത് കൂടുതൽ പേരിൽ കണ്ടെത്തിയിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. സ്ഥിതിഗതികൾ കൂടുതൽ വിശകലനം ചെയ്യുന്നതിനായി ജീനോമിക് സീക്വൻസിംഗും എപ്പിഡെമോളജിക്കൽ പഠനങ്ങളും തുടരുകയാണെന്നും മന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു.

ഇന്ത്യൻ സാർസ് കോവി-2 ജീനോമിക്‌സ് കൺസോർട്ടിയം ലാബുകളിൽ (ഇൻസാകോഗ്) നടത്തിയ ജീനോം സീക്വൻസിങ് ടെസ്റ്റിൽ രാജ്യത്ത് ഇതുവരെ 10787 പേരിൽ നിന്ന് 771 കൊറോണ വകഭേദങ്ങളാണ് കണ്ടെത്തിയത്. ഇതിൽ യുകെ വകഭേദത്തിലുള്ള 736 സാബിളുകൾ, ദക്ഷിണാഫ്രിക്കൻ വകഭേദമുള്ള 34 എണ്ണം ബ്രസീലിയൻ വകഭേദത്തിലുള്ള 1 സാബി ൾ എന്നിങ്ങനെയാണിത് കണ്ടെത്തിയത്. രാജ്യത്തെ 18 സംസ്ഥാനങ്ങളിൽ നിന്നായാണ് ഇവ കണ്ടെത്തിയത്.

വിവിധ വൈറസുകളുടെ ജീനോമിക് വകഭേദങ്ങൾ പ്രകൃതിദത്ത പ്രതിഭാസമാണെന്നും ലോകത്തെ മിക്കവാറും എല്ലാ രാജ്യങ്ങളിലും ഇവ കാണപ്പെടുന്നുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും സർക്കാർ അറിയിച്ചു.

Related News