കേവല ഭൂരിപക്ഷമില്ല; ഇസ്രായേലിൽ നെതന്യാഹുവിന് കടുത്ത വെല്ലുവിളി

  • 24/03/2021

ടെൽ അവീവ്​: വെല്ലുവിളികൾക്കിടെ ഭരണത്തുടർച്ച നിലനിർത്താൻ ഏറെ ബുദ്ധിമുട്ടി ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. തെരെഞ്ഞെടുപ്പ് ഫ​ലപ്രഖ്യാപനം 90 ശതമാനം പൂർത്തിയാകുമ്പോൾ കേവല ഭൂരിപക്ഷത്തിന്​ എട്ടു സീറ്റ്​ അകലെയാണ്​ നെതന്യാഹുവിൻറെ തീവ്രവലതുപക്ഷ സഖ്യം.

പ്രതിപക്ഷത്തെ മറ്റൊരു തീവ്രവലതുപക്ഷ കക്ഷി കൂടി പിന്തുണ നൽകിയാലും ഏഴു സീറ്റേ ലഭിക്കൂ. യഥാർഥ ചിത്രം ലഭിക്കാൻ അവസാന ഫലം വരെ കാത്തിരിക്കേണ്ടിവരുമെങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പിന്​ സമാനമായി രാഷ്​ട്രീയ പ്രതിസന്ധി ഇസ്രായേലിന് കനത്ത വെല്ലുവിളി തന്നെയാണ് ഉണർത്തുന്നത് .

ഇസ്രായേലിൻറെ ചരിത്രത്തിൽ ദീർഘകാലം പ്രധാനമന്ത്രി പദം അലങ്കരിച്ച റെക്കോഡുള്ള നെതന്യാഹു തൻറെ ലിക്കുഡ്​ പാർട്ടി വീണ്ടും ഭരണം പിടിക്കുമെന്ന്​ പ്രഖ്യാപിച്ചിരുന്നു. ഇത്​ സാക്ഷാത്​കരിക്കാൻ പ്രതിപക്ഷത്തെ ‘യമീന’ എന്ന കക്ഷി കൂടി ​പിന്തുണക്കണം . എന്നാൽ നേരത്തെ നെതന്യാഹുവിനൊപ്പമായിരുന്ന പാർട്ടി ഇതുവരെയും നിലപാട്​ വ്യക്​തമാക്കിയിട്ടില്ല.

2009 മുതൽ ഇസ്രായേലിൽ അധികാരം നിലനിർത്തുന്ന നെതന്യാഹു അതിന്​ മുമ്ബും മൂന്നുതവണ പ്രധാനമന്ത്രിയായിരുന്നു. അഴിമതിക്കേസിൽ വിചാരണ നേരിടുന്ന നെതന്യാഹുവിൻറെ രാജിക്കായി നേരത്തെ മുതൽ സമ്മർദം ശക്​തമാണ്​. കേവല ഭൂരിപക്ഷം പിടിക്കുകയോ പ്രതിപക്ഷത്തെ കക്ഷികളെ കൂടെക്കൂട്ടുകയോ ചെയ്യാനായില്ലെങ്കിൽ അഞ്ചാം തെരഞ്ഞെടുപ്പിലേക്ക്​ ഇസ്രായേൽ എത്തിയേക്കാം .

Related News