നീറ്റില്‍ ലഭിച്ചത് 590 മാര്‍ക്ക്; ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തത് വെറും 6 മാര്‍ക്ക്; മനോവിഷമത്തില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

  • 25/10/2020


നീറ്റ് പരീക്ഷയില്‍ ലഭിച്ചത് ആറ് മാര്‍ക്കാണെന്ന് കരുതി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ ചന്ദ്വാര ജില്ലയില്‍ 18 വയസുകാരിയായ വിദ്യാര്‍ത്ഥിനിയാണ് നീറ്റ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞുപോയതിലുള്ള മനോവിഷമത്തില്‍ ആത്മഹത്യ ചെയ്തത്. നന്നായി പഠിക്കുന്നതിനാല്‍ വിദ്യാര്‍ത്ഥിനിയും വീട്ടുകാരും പരീക്ഷയില്‍ നല്ല മാര്‍ക്ക് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ പരീക്ഷാഫലം വന്ന ദിവസം ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്ത പട്ടിക പരിശോധിച്ചപ്പോള്‍ അതില്‍ വെറും ആറ് മാര്‍ക്കാണ് വിദ്യാര്‍ത്ഥിക്ക് ലഭിച്ചതായി രേഖപ്പെടുത്തിയത്. 

മാര്‍ക്ക് കുറഞ്ഞുപോയതോടെ പെണ്‍കുട്ടി വലിയ മനോവിഷമത്തിലായി. എന്നാല്‍ പിന്നീട് ഒഎംആര്‍ ഷീറ്റ് എടുത്ത് പരിശോധിച്ചപ്പോള്‍ അതില്‍ 590 മാര്‍ക്കുണ്ടായിരുന്നു. മാതാപിതാക്കള്‍ ഇക്കാര്യം മകളെ അറിയിച്ചിരുന്നവെങ്കിലും കുട്ടി അത് വിശ്വസിക്കാന്‍ തയ്യാറായില്ല. പീന്നീട് പെണ്‍കുട്ടിയെ ചൊവ്വാഴ്ച വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തൊട്ടടുത്ത ദിവസമാണ് ഇക്കാര്യം വീട്ടുകാര്‍ പൊലീസില്‍ അറിയിച്ചത്. 

പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്‌തെന്ന് കണ്ടെത്തി. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തുന്നതായി പൊലീസ് അറിയിച്ചു.

Related News